'1921 പുഴ മുതൽ പുഴ വരെ'; സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകൻ ഹൈക്കോടതിയിൽ
കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും ഹൈക്കോടതി പരിഗണിക്കും
സെൻസർ ബോർഡിനെതിരെ നിയമ പോരാട്ടവുമായി '1921 പുഴ മുതൽ പുഴ വരെ' സംവിധായകൻ രാമസിംഹൻ അബൂബക്കർ. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയെന്ന് സംവിധായകൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഡ്വ. റെജി ജോർജ്, അഡ്വ. ബിനോയ് ഡേവിഡ് തുടങ്ങിയവർ തനിക്കു വേണ്ടി ഹാജരായെന്നും എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടില്ലെന്ന് രാമസിംഹൻ ആരോപിച്ചു. നിയമ വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന് നൽകാനുള്ള രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ പ്രതികരിച്ചിരുന്നു.
ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹൻ ആരോപിക്കുകയുണ്ടായി. ''മതപരിവർത്തനമൊന്നും നടന്നില്ലെങ്കിൽ പിന്നെ 1921 ഇല്ലല്ലോ. ഞാൻ സിനിമയിൽ ഒരു പക്ഷവും പിടിച്ചിട്ടില്ല. നല്ലതിനെ നല്ലതും ചീത്തയെ ചീത്തയും ആയി തന്നെ കാണിച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാൽ എന്താകുമെന്ന് സാമാന്യ ജനങ്ങൾക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവർ കാണിച്ചു വെച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം.''- രാമസിംഹൻ അബൂബക്കർ പറഞ്ഞു.
മലബാർ സമരത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൽ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാൽ ഈ ഭാഗം ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു സംവിധായകന്റെ നിലപാട്. ''ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവയൊന്നും കാണിക്കുന്നില്ല. ലഹള ചിത്രീകരിക്കുമ്പോൾ രക്തച്ചൊരിച്ചിൽ ഉണ്ട് എന്നാൽ അത് ഒഴിവാക്കാനാകില്ല. അതു കൊണ്ടാണ് 'എ' സർട്ടിഫിക്കറ്റ് നൽകിയത്''- രാമ സിമഹൻ പറഞ്ഞു.