‘മാര്‍ക്കോ’യില്‍ റിയാസ് ഖാന്‍ ഉണ്ടായിരുന്നു: നിർമാതാവ് ഷെരീഫിന്റെ മറുപടി വൈറൽ

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്

Update: 2024-12-21 09:34 GMT
Editor : geethu | Byline : Web Desk
Advertising

‘മാർക്കോ’ കണ്ടിറങ്ങിയവർക്ക് ഒരേയൊരു സംശയം മാത്രമാണുണ്ടായിരുന്നത്. നടൻ റിയാസ് ഖാൻ ചിത്രത്തിൽ ഉണ്ടായിരുന്നോ ഇല്ലയോ? തിയേറ്ററുകളിൽ ആദ്യ പ്രദർശനം കാണാനെത്തിയ സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദിനോടും ഈ ചോദ്യം ചോദിക്കുകയുണ്ടായി. അദ്ദേഹം നൽകിയ മറുപടിയാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ.

സിനിമയുടെ ലൊക്കേഷന്‍ വിഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മാതാവിന്‍റെ മറുപടി. അതേസമയം റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ‘‘റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ (സെന്‍സറിങില്‍) പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്.’’–ഷെരീഫ് മുഹമ്മദിന്‍റെ വാക്കുകള്‍.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

ആക്‌ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്‌ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News