വിവാദ സംഭാഷണം എഡിറ്റ് ചെയ്ത് മാറ്റും, തെറ്റ് തിരിച്ചറിയുന്നു, ന്യായീകരിക്കാനില്ല; പരസ്യമായി മാപ്പു പറഞ്ഞ് പൃഥ്വിരാജും കടുവയുടെ അണിയറ പ്രവര്‍ത്തകരും
നേരത്തെ സോഷ്യല്‍ മീഡിയയിലുടെ സംവിധായകന്‍ ഷാജികൈലാസും നടന്‍ പൃഥ്വിരാജും മാപ്പു പറഞ്ഞിരുന്നു.
തിരുവനന്തപുരം: കടുവ സിനിമയില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള വിവാദ രംഗത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകന്‍ പൃഥ്വിരാജും സംവിധായകന്‍ ഷാജികൈലാസും തിരക്കഥകൃത്ത് ജിനു എബ്രഹം, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ മാപ്പു പറഞ്ഞത്.
ചിത്രത്തിലെ വിവാദമായ പരാമര്‍ശം എഡിറ്റ് ചെയ്ത് മാറ്റുമെന്നും പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടെന്നും ഞങ്ങള്‍ തെറ്റുകാരണെന്നും തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സെന്‍സര്‍ നിയമമനുസരിച്ച് സിനിമയുടെ ഒരു ഭാഗം മാറ്റുന്നുണ്ടെങ്കില്‍. സെന്‍സര്‍ ബോര്‍ഡിന് അയച്ച് അംഗീകാരം വാങ്ങിയ ശേഷം മാത്രം ക്യൂബിലേക്കും മറ്റും അപ് ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇന്നലെ ഞായറാഴ്ച ആയത് കൊണ്ട് ഇതിന് സാധിച്ചിരുന്നില്ല. ഇന്ന് തിങ്കളാഴ്ച സെന്‍സറിംഗിന് മാറ്റിയ ഭാഗം കൊടുക്കുകയും സെന്‍സര്‍ ചെയ്ത് ലഭിച്ചാല്‍ മാറ്റിയ ഭാഗം ഇന്ന് രാത്രിയോടെ തന്നെ തിയേറ്ററുകളില്‍ മാറ്റുകയും ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഓവര്‍സീസ് മേഖലകളിലെ കണ്ടന്റ് ഞങ്ങള്‍ നേരിട്ടല്ല നടത്തുന്നത്. എന്നിരുന്നാലും മാറ്റിയ ഭാഗം അയച്ചു കൊടുത്ത്, കണ്ടന്റ് മാറ്റണമെന്ന് ഫോളോ അപ് ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതൊരു ന്യായീകരണമായിട്ട് കാണരുതെന്നും ഇത് ഞങ്ങള്‍ ശ്രദ്ധിക്കാതിരുന്ന എന്നാല്‍ ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെയും ഞങ്ങളുടെയും കാഴ്ച്ചപ്പാട് പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന്‍ പറഞ്ഞു എന്നതായിരുന്നു. പക്ഷേ അത് ന്യായീകരിക്കാന്‍ കഴിയില്ല. അത് തെറ്റാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ സോഷ്യല്‍ മീഡിയയിലുടെ സംവിധായകന്‍ ഷാജികൈലാസും നടന്‍ പൃഥ്വിരാജും മാപ്പു പറഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ മാപ്പുചോദിക്കുന്നെന്നായിരുന്നു സംവിധായകനായ ഷാജി കൈലാസ് പറഞ്ഞത്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ചിത്രത്തില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയില്‍ സംവിധായകന്‍, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു. സംവിധായകന്റെ ഖേദപ്രകടനം.
ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അര്‍ഥത്തിലാണ് ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 216-ലെ ഭിന്നശേഷി അവകാശനിയമം 92ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്‍. വിശ്വനാഥനായിരുന്നു പരാതി നല്‍കിയത്. കൂടാതെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ മാതാപിതാക്കളും ഈ സംഭാഷണത്തിനെതിരെ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്നത്.