'പുഷ്പ'- കണ്ടും കേട്ടും പഴകിയ കഥയുടെ അല്ലു അർജുൻ വേർഷൻ
1990 കളുടെ അവസാനമാണ് കഥ നടക്കുന്നത്. ചന്ദനത്തടികൾ വെട്ടാൻ കാട്ടിലെത്തുന്ന പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രം ചന്ദനക്കള്ളക്കടത്ത് തലവനാവുന്നതാണ് സിനിമയുടെ കഥ.
തമിഴ് ഗ്യാങ്സ്റ്റർ ചിത്രമായ വിക്രം വേദയിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് മാധവന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. 'എല്ലാ ഗുണ്ടകൾക്കും ഒരേ കഥയാണ്. കുട്ടിക്കാലത്ത് കഷ്ടപ്പെടുന്നു, ഏറ്റവും താഴേക്കിടയിൽ നിന്ന് അവൻ മുകളിലേക്ക് കയറി വരുന്നു. കള്ളക്കടത്തുകാരനായ നായകന്റെ കഥയാണെങ്കിൽ സിനിമ ഇങ്ങനെയായിരിക്കും എന്നുറപ്പാണ്. ഇവിടെയും അത് തെറ്റിയിട്ടില്ല. കണ്ടും കേട്ടും പഴകിയ കഥയുടെ അല്ലു അർജുൻ വേർഷൻ മാത്രമാണ് പുഷ്പ- ആവറേജിനും താഴെയുള്ള ആക്ഷൻ മൂവി.
1990 കളുടെ അവസാനമാണ് കഥ നടക്കുന്നത്. ചന്ദനത്തടികൾ വെട്ടാൻ കാട്ടിലെത്തുന്ന പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രം ചന്ദനക്കള്ളക്കടത്ത് തലവനാവുന്നതാണ് സിനിമയുടെ കഥ. ഇതിനായി അയാൾ സ്വീകരിക്കുന്ന മാർഗങ്ങളിലൂടെ സിനിമ മുന്നോട്ടു പോവുന്നു. പടിപടിയായി ഉയരുന്നതിനിടയിൽ നിരവധി പ്രതിയോഗികൾ. എല്ലാവരെയും കൈകരുത്ത് കൊണ്ടു നേരിടുന്നു. ഇടിച്ച് പതം വരുത്തുന്നു, ഇതിനിടയിൽ നായികയെ കാണുന്നു. പ്രണയിക്കുന്നു, പാട്ട് പാടുന്നു.
സുകുമാർ എന്ന സംവിധായകനേയും അല്ലു അർജ്ജുൻ എന്ന താരത്തേയും അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു ആര്യ. ഒരിടവേളക്ക് ശേഷം ആര്യയുടെ രണ്ടാം ഭാഗവുമായി ഇരുവരും ഒന്നിച്ചപ്പോഴും വിജയം ആവർത്തിച്ചു. തന്‍റെ ആദ്യ സിനിമയിലെ നായകനുമായി സുകുമാർ വീണ്ടും ഒന്നിക്കുമ്പോൾ അല്ലു അർജുൻ ആരാധകർ മികച്ചതൊന്ന് പ്രതീക്ഷിക്കുക സ്വാഭാവികം. സംവിധായകന്‍റെ തന്നെ രാം ചരൺ നായകനായ ചിത്രമായ രംഗസ്ഥലത്തെ എവിടെയൊക്കെയോ പുഷ്പ ഓർമിപ്പിക്കുന്നു.
അല്ലു അർജ്ജുൻ എന്ന താരത്തിൻറെ മെട്രോ പയ്യൻ ഇമേജ് ഉടച്ചു വാർക്കുന്നതാണ് ചിത്രം കാത്ത് വെച്ചിരിക്കുന്ന സസ്‌പെൻസ്. തന്‍റെ സേഫ് സോണിൽ നിന്നും ഇറങ്ങി കളിക്കുന്ന അല്ലു പ്രകടനത്തിൽ മികവ് പുലർത്തുന്നുണ്ട്. കഥാപാത്രത്തിൻറെ മാനറിസങ്ങളെ കൃത്യമായി ഫോളോ ചെയ്യാൻ അല്ലുവിന് സാധിക്കുന്നുണ്ട്. പ്രകടനത്തിലും രൂപത്തിലും ഇത്രത്തോളം റഫ് ആയ കഥാപാത്രത്തെ ആദ്യമായാണ് അല്ലു അവതരിപ്പിക്കുന്നതും.
ദേവീശ്രീ പ്രസാദിൻറെ പശ്ചാത്തല സംഗീതവും പോളിഷ് ഛായാഗ്രഹകനായ മിറോസ്ലാ കുബേ ബ്രോസേക്ക് ഒരുക്കിയ ക്യാമറ കാഴ്ചകളുമാണ് തിരക്കഥ പരാജയപ്പെട്ട സിനിമ കുറച്ചെങ്കിലും എൻഗേജിങ് ആക്കുന്നത്.അതേസമയം ഗാനങ്ങൾ ശരാശരി നിലവാരത്തിലുള്ളതായിരുന്നു. ആര്യയിലും ആര്യ 2വിലും അനുഭവപ്പെട്ട ഡിഎസ്പി മാജിക് പുഷ്പയിൽ അന്യമായിരുന്നു.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് 'പുഷ്പ ദ റൈസ്'. അടുത്ത പാർട്ടിനുവേണ്ടി ഒരുക്കിവെച്ചതാണ് ഫഹദിന്റെ വില്ലൻ കഥാപാത്രമായ ബർവാൻ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ. അതുകൊണ്ടു തന്നെ സിനിമയുടെ അവസാന ഭാഗത്താണ് ഫഹദിന്റെ എൻട്രി. തല മൊട്ടയടിച്ച് ഗംഭീര മേക്ക് ഓവറിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ശിവകാർത്തികിനൊപ്പം 'വേലൈക്കാരനി'ലും 'സൂപ്പർ ഡീലക്‌സി'ൽ വിജയ് സേതുപതിക്കുമൊപ്പം തമിഴിൽ അഭിനയിച്ചതാണ് ഫഹദിന്റെ അന്യ ഭാഷ പരിചയം. അതുകൊണ്ടു തന്നെ പുഷ്പയിലെ വില്ലൻ റോൾ ഫഹദ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ള ആകാംഷയുണ്ടാവുക സ്വാഭാവികം.
പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ അല്ലുവിനോട് ഫഹദിനെകുറിച്ചുള്ള ചോദ്യത്തിന് പറഞ്ഞ മറുപടി കൂടി ഇതിനൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്.
''പുഷ്പയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിനായി എനിക്ക് വെറുമൊരു നടനെ പോരായിരുന്നു. താരപരിവേഷമുള്ള ഒരു നടനെ വേണമായിരുന്നു. നല്ല നടന്മാർ ഒരുപാട് പേരുണ്ട്. നായകനെ തടുക്കാൻ ആരുമില്ല എന്ന ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻറെ എൻട്രി. നായകനെ താഴെയിറക്കാൻ ഒരാൾ വേണം. അതാണ് ആ കഥാപാത്രം. ഫഹദ് വന്നാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭാഗ്യത്തിന് ഈ കഥാപാത്രവും കഥയുമൊക്കെ അദ്ദേഹത്തിനും ഇഷ്ടമായി.''
ക്യാരക്ടർ ഏതായാലും അതിനുളളിലേക്ക് കൃത്യമായി ഇറങ്ങിയിരിക്കാൻ ആവുന്ന നടനാണ് ഫഹദ്. ഇവിടെയും അത് തെറ്റിച്ചിട്ടില്ല. നെഗറ്റീവ് ടെച്ച് കഥാപാത്രങ്ങളിൽ താരം മുഖത്തും ശരീരഭാഷയിലും കൊണ്ടുവരുന്ന മാനറിസങ്ങൾ അസാധ്യമാണല്ലോ.. പുരികവും കണ്ണും കൊണ്ട് അഭിനയിക്കുന്നയാൾ. എന്നാൽ ഷെമ്മിയുടെ പ്രേതത്തിൽ നിന്ന് ഇയാൾ പൂർണ്ണമായും മുക്തമാവേണ്ടിയിരിക്കുന്നു.
പതിവ് ശൈലികളെ ഉടച്ച് വാർത്ത് ഞെട്ടിച്ചത് അല്ലു മാത്രമല്ല, കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ സുനിൽ, മംഗലം ശ്രീനു എന്ന വില്ലൻ കഥാപാത്രമായി എത്തിയപ്പോൾ പ്രകടനത്തിൽ മാത്രമല്ല വേഷപ്പകർച്ചയിലും മേക്കോവറിലും ഞെട്ടിച്ചു. അല്ലുവിനൊപ്പം സഹായിയേപ്പോലെ കൂടെ നിൽക്കുന്ന കഥാപാത്രമായി ജഗദീഷും കൈയടി നേടുന്നുണ്ട്. ചിത്രത്തിൽ രശ്മിക മന്ദാനയുടെ ശ്രീവല്ലിക്ക് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും ലഭിച്ച സ്‌ക്രീൻ സ്പേസിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ട്. നെഗറ്റീവ് ഷേഡുള്ള ദാക്ഷായണിയായി എത്തുന്ന അനസൂയ സ്ത്രീ കഥാപാത്രങ്ങളിലെ പ്രകടനത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട്.
മാസ് ചിത്രം ഒരുക്കാനുള്ള ശ്രമം മാത്രമാണ് പുഷ്പ. ഫൈറ്റും ഗാനങ്ങളും ചേർത്തൊരുക്കിയെങ്കിലും കഥയിലേക്ക് കാണികളെ പിടിച്ചിരുത്താൻ പാകത്തിലൊന്നും ചിത്രത്തിലില്ല. അടുത്തിറങ്ങിയ അല്ലു അർജുൻ സിനിമയിൽ ഏതിലാണ് ഇതുള്ളതെന്നും സ്വാഭാവികമായി ചോദ്യം വരാം. അരമണിക്കൂറിനുള്ളിൽ തീരാവുന്ന ഒരു ക്ലൈമാക്സിലൂടെ പുഷ്പ പൂർത്തിയാക്കാമായിരുന്നു. എന്നിട്ടും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള രണ്ടാം ഭാഗത്തിലേക്ക് സിനിമയെ കൊണ്ടുപോകുന്നത് എന്തിനായിരിക്കുമെന്ന ചോദ്യമാണ് സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്നത്.