ഫഹദ് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ, അവിടെ 'ധൂമം' സംഭവിച്ചു: പവൻകുമാർ
ഫഹദ് ഫാസിലിനെയും അപർണ ബാലമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ധൂമം' ജൂൺ 23 ന് റിലീസ് ചെയ്യും
അമ്പത് ലക്ഷത്തിന് സിനിമയെടുത്ത് കന്നട ഇൻഡസ്ട്രിയെ ഞെട്ടിച്ച സംവിധായകനാണ് പവൻ കുമാർ. ലൂസിയ എന്ന തന്റെ ആദ്യ ചിത്രം കൊണ്ടുതന്നെ പവൻകുമാർ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു. പവൻ കുമാർ മലയാള സിനിമാ പ്രേമികളുടെയും പ്രിയപ്പെട്ട സംവിധായകനാണ്. ലൂസിയയെ കൂടാതെ യുടേൺ, ഒരു മൊട്ടയ കഥെ തുടങ്ങിയ ചിത്രങ്ങളെല്ലാം കന്നഡയും കടന്ന് സഞ്ചരിച്ചു. പവൻകുമാറിന്റെ ആദ്യ മലയാള ചിത്രമാണ് ഫഹദ് ഫാസിലിനെയും അപർണ ബാലമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ധൂമം. ജൂൺ 23 നാണ് ചിത്രത്തിന്റെ റിലീസ്
ഒരു ദശാബ്ദത്തിലേറെയായി ധൂമം തന്റെ സ്വപ്ന പദ്ധതിയാണെന്ന പവൻ കുമാറിന്റെ തുറന്നുപറച്ചിലും ചിത്രത്തിന്റെ ട്രെയിലറും സിനിമാ ആസ്വദകർക്ക് പ്രതീക്ഷ നൽകുന്നതാണ്.ഇപ്പോഴിതാ ഫഹദിനെ കുറിച്ച് പവൻകുമാറിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
''ഫഹദ് നമ്മുടെ അയൽവക്കത്ത് കാണുന്നയാളല്ലേ.. എത്രയോ കാലമായി നമുക്ക് അറിയാവുന്ന ആളാണ് അദ്ദേഹം. ഒരു പുതിയ അഭിനേതാവ് എങ്ങനെയാണോ അതുപോലെയാണ് അദ്ദേഹം ലൊക്കേഷനിലും കാമറക്ക് മുന്നിലും.. അദ്ദേഹത്തിന് കൂടുതൽ ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല''
''ഫഹദും ഞാനും സിനിമകളെ കുറിച്ച് സംസാരിക്കാറുണ്ട് ഒരു പ്രൊജക്ട് ചെയ്യണമെന്ന് ആലോചിച്ചിട്ടുമുണ്ട്. അപ്പോഴാണ് ഹോംബാലെ ഫിലിംസ് ഫഹദിനെ സമീപിക്കുന്നത് ഉടനെ എന്നെ വിളിച്ച് പവൻ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു എന്റെ കയ്യിൽ ഈ സ്‌ക്രിപ്റ്റ് ഉണ്ട് എന്ന്ഞാൻ മറുപടി നൽകി.ഫഹദ് അത് വായിച്ചു. ഇഷ്ടമായെന്നും അത് നമ്മുക്ക് ചെയ്യാമെന്നും പറഞ്ഞു.'' പവൻ പറയുന്നു.
''ധൂമം പ്രാഥമികമായി ഒരു വ്യക്തിയെ ശ്രദ്ധ കേന്ദ്രീകരിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മുന്നോട്ടുള്ള അവന്റെ ജീവിതത്തിൽ അവൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കാണിക്കാനാണ് സിനിമ ശ്രമിക്കുന്നത്. 2018 ൽ തന്നെ വികസിപ്പിച്ച ഒരു കഥയായിരുന്നു ഇത്. പക്ഷേ നിർമാതാക്കളെ കിട്ടിയില്ല. ഇപ്പോൾ സിനിമ സംഭവിക്കുന്നത് ഹോംബാല യെസ് പറഞ്ഞത് കൊണ്ടുമാത്രമാണ്. എന്റെ ഏറ്റവും വലിയ പ്രൊജക്ടുമാണ് ധൂമം''
''എന്റെ സിനിമകൾ എന്നെ ശല്യപ്പെടുത്തുന്ന ഒന്നിൽ നിന്നാണ് ഉണ്ടാവുന്നത്. അങ്ങനെയാണ് ധൂമവും സംഭവിക്കുന്നത്. ഒരു പ്രത്യേക വിഷയം ഉ്ള്ളിലിങ്ങനെ കിടക്കുമ്പോൾ അത് ഉപയോഗിച്ച് കഥയുണ്ടാക്കുകയും അതിലേക്ക് കഥാപാത്രങ്ങളെ ചേർക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ധൂമത്തിന്റെ ത്രഡ് ആലോചിച്ചു. അതിനെപറ്റി കൂടുതൽ പഠിക്കാൻ ഇറങ്ങി അപ്പോഴാണ് പുകയില വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത്. അപ്പോഴാണ് ഇത് സിനിമയാക്കണം എന്ന ചിന്ത എനിക്കുണ്ടായത്. അത് ഡേക്യുമെന്ററിയാക്കണമെന്ന ചിന്തയേ എനിക്കുണ്ടായിരുന്നില്ലെന്നും പവൻ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു.