'പരസ്യമേഖലയിൽ ഇപ്പോഴും ജനപ്രിയൻ': വിവാദങ്ങളൊന്നും ബാധിക്കാതെ കിങ്ഖാൻ
വിവാദങ്ങള്‍ക്കിടയിലും ഷാറൂഖ് ഖാനെ വെച്ചുള്ള കാഡ്ബെറിയുടെ പുതിയ പരസ്യം ശ്രദ്ധേയമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നൂറുകണക്കിന് ലോക്കല്‍ ബിസിനസുകളുടെ ബ്രാന്‍ഡ് അമ്പാസിഡറാക്കിയാണ് ഷാറൂഖിനെ പരസ്യത്തില്‍ കാഡ്ബെറി അവതരിപ്പിച്ചത്
ആര്യന്‍ ഖാനെതിരായ ലഹരിമരുന്ന് കേസും പിന്നാലെ നടക്കുന്ന കോലാഹലങ്ങളും ബോളിവുഡ് കിങ് ഖാന്‍ ഷാറൂഖിന്റെ ജനപ്രീതിയെ തെല്ലും ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. വിവാദം ഉയര്‍ന്ന സമയത്ത് ചില പരസ്യകമ്പനികള്‍ ഷാറൂഖ് ഖാനെ വെച്ചുള്ള പരസ്യങ്ങള്‍ തടഞ്ഞെങ്കിലും ഇപ്പോഴും കോര്‍പറേറ്റുകള്‍ക്കിടയില്‍ ഷാറൂഖ് ഖാന്‍ തന്നെയാണ് പ്രിയങ്കരന്‍ എന്നാണ് ഈ മേഖലയിലെ വിദഗ്ധന്മാര്‍ പങ്കുവെക്കുന്നത്.
ഷാരൂഖ് തിരിച്ചെത്തി എന്നതില്‍ അതിശയിക്കാനില്ലെന്നായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ് മേധാവി സന്ദീപ് ഗോയലിന്റെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് ഷാറൂഖ് ഖാന്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തെ ഒരുവേള ബാധിച്ചു എന്നത് സത്യമാണ്. പക്ഷേ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ല-സന്ദീപ് ഗോയല്‍ പറഞ്ഞു.
പ്രായഭേദമന്യേ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഖാന്റെ വ്യക്തിത്വവും ചാരുതയും കണക്കിലെടുക്കുമ്പോള്‍ പരസ്യകമ്പനികള്‍ക്ക് നേട്ടമാണെന്നാണ് പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. ഖാന്‍ തന്നൊയാണ് ഇപ്പോഴും ഞങ്ങളുടെ ആദ്യ ചോയ്സ്- അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ക്കിടയിലും ഷാറൂഖ് ഖാനെ വെച്ചുള്ള കാഡ്ബെറിയുടെ പുതിയ പരസ്യം ശ്രദ്ധേയമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നൂറുകണക്കിന് ലോക്കല്‍ ബിസിനസുകളുടെ ബ്രാന്‍ഡ് അമ്പാസിഡറാക്കിയാണ് ഷാറൂഖിനെ പരസ്യത്തില്‍ കാഡ്ബെറി അവതരിപ്പിച്ചത്. ഇതായിരുന്നു ഈ കോലാഹലങ്ങൾക്കിടയിലും ഷാറൂഖിന്റെ പേരിൽ എത്തിയ ആദ്യ പരസ്യം.
വിവാദങ്ങള്‍ക്ക് പിന്നാലെ ഷാറൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ബൈജൂസ് ആപ്പായിരുന്നു. ആര്യന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് ട്വിറ്ററില്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു പരസ്യം പിന്‍വലിച്ചിരുന്നത്. ഷാറൂഖ് ഖാന്റെ വന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളിലൊന്നായിരുന്നു ബൈജൂസ് ആപ്പ്.
ഡഫ് ആൻഡ് ഫെൽപ്‌സ് സെലിബ്രിറ്റി ബ്രാൻഡിന്റെ 2020ലെ വിലയിരുത്തലുകള്‍ പ്രകാരം ഷാറൂഖ് ഖാന്റെ ബ്രാൻഡ് മൂല്യം 51.1 മില്യൺ ഡോളറാണെന്നാണ്.