കൊട്ടിഘോഷിച്ചുവന്ന 'കുറുപ്പ്' പ്രതീക്ഷ കാത്തോ? സോഷ്യൽ മീഡിയ പറയുന്നതിങ്ങനെ...
'കുറുപ്പ്' സൂപ്പർ ചിത്രമെന്ന് മാധ്യമങ്ങൾ; എന്നാൽ, സോഷ്യൽ മീഡിയ പറയുന്നത് മറ്റൊന്നാണ്...
ഏറെ കോലാഹലങ്ങളോടെയാണ് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' ഇന്ന് 1500 സ്‌ക്രീനുകളിൽ റിലീസ് ചെയ്തത്. തിയേറ്ററും ഒ.ടി.ടിയും തമ്മിലുള്ള സംഘർഷത്തിനിടയിൽ, തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നുള്ള അണിയറപ്രവർത്തകരുടെ പ്രഖ്യാപനം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാവുകയും ചെയ്തു. ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വെച്ചുനീട്ടിയ ശതകോടികൾ വേണ്ടെന്നു വെച്ച് ജനങ്ങൾക്ക് വലിയ സ്‌ക്രീനിൽ സിനിമ ലഭ്യമാക്കിയ 'കുറുപ്പി'ന്റെ നിർമാതാവ് കൂടിയായ ദുൽഖറിന് 'മലയാള സിനിമയുടെ രക്ഷകൻ' പരിവേഷം ലഭിക്കുകയും ചെയ്തു.
സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുന്ന 'കുറുപ്പ്' തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഒരു മാസ് സിനിമയാകുമെന്നായിരുന്നു കരുതിയിരുന്നത്. ബുർജ് ഖലീഫയിൽ പ്രത്യക്ഷപ്പെട്ടതടക്കം ചിത്രത്തിന്റെ പരസ്യങ്ങളും മാർക്കറ്റിങ്ങും അങ്ങനെ തന്നെയായിരുന്നു. പലകാരണങ്ങളാൽ മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ 'മരക്കാർ; അറബിക്കടലിന്റെ സിംഹം' എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ എതിരാളി ഹൈപ്പും ചിത്രത്തിനു കിട്ടി.
'പ്രതീക്ഷകളില്ലാതെ' പോവണം...
എന്നാൽ, കൊട്ടിഘോഷിച്ച് തിരശ്ശീലയിൽ തെളിഞ്ഞ കുറുപ്പ് ഡി.ക്യു ആരാധകരുടെയും മലയാള സിനിമാ പ്രേമികളുടെയും പ്രതീക്ഷ കാത്തോ? അവർ കാത്തിരുന്ന മാസ് ചിത്രം തന്നെയാണോ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ്?... മാധ്യമങ്ങൾ ചിത്രത്തെ വാനോളം പുകഴ്ത്തുമ്പോഴും സമൂഹമാധ്യമങ്ങളിലെ സ്ഥിതി അങ്ങനെയല്ലെന്നതാണ് യാഥാർത്ഥ്യം. 'മാസ് ചിത്രം പ്രതീക്ഷിച്ചു പോയാൽ നിരാശരാവേണ്ടി വരും', 'മുൻവിധികളില്ലാതെ പോയാൽ കണ്ടിരിക്കാം...', 'ഒരു സിനിമ എന്ന രീതിയിൽ മാത്രം നോക്കിയാൽ നല്ല ചിത്രം', 'ഗ്ലോറിഫിക്കേഷൻ ഇല്ലായിരുന്നെങ്കിൽ...' തുടങ്ങിയ പലതരം ഡിസ്‌ക്ലൈമറോടു കൂടിയാണ് സിനിമ പാരഡിസോ ക്ലബ്ബ്, മൂവീ സ്ട്രീറ്റ് തുടങ്ങിയ ചലച്ചിത്ര കൂട്ടായ്മകളിൽ കുറിപ്പിന്റെ റിവ്യൂകൾ കാര്യമായും പ്രത്യക്ഷപ്പെട്ടത്. മാസ് ചിത്രം പ്രതീക്ഷിച്ചു പോയവർക്ക് 'കുറുപ്പ്' ഒരു നനഞ്ഞ പടക്കമായെന്നും ചിത്രം ഇഷ്ടപ്പെട്ടില്ലെന്നും തുറന്നുപറഞ്ഞവരും നിരവധി.
'മലയാളസിനിമാ ഇൻഡസ്ട്രി നിലനിൽക്കണമെന്ന് മറ്റു പലരേയും പോലെ ആഗ്രഹമുള്ളത് കൊണ്ട് കുറുപ്പ് എഫ്ഡിഎഫ്എസ് കണ്ടു. അതുകൊണ്ട് നിരാശയില്ല. പല സെഗ്മെന്റുകളായി മുറിക്കാതെ ഒറ്റ സ്‌ട്രെച്ചിൽ പറഞ്ഞിരുന്നെങ്കിൽ സിനിമ മികച്ച ഒരു അനുഭവമായേനെ. പല ഭാഗങ്ങളാക്കി പറഞ്ഞതിനാൽ ഒരിടത്തും വേണ്ടത്ര ഫീൽ കിട്ടുന്നില്ല...' എന്നാണ് സിജു എം സമീർ സിനിമാ പാരഡിസോ ക്ലബ്ബിൽ എഴുതിയത്. 'ഏറെ പ്രതീക്ഷകളും കാത്തിരിപ്പും കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് ആ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല...' എന്ന് ഇതേ ഗ്രൂപ്പിൽ ഉമ്മർ ഷരീഫിന്റെ പോസ്റ്റ്. 'ഒരു സിനിമ എന്ന രീതിക്ക് മാത്രം നോക്കിയാൽ കുറുപ്പ് ഗംഭീരമാണ്. കുറച്ച് ലോജിക്കൽ ഇഷ്യൂസ് തോന്നാമെങ്കിലും...' എന്നാണ് നിതിൻ പുത്തൻവീട്ടിലിന്റെ റിവ്യൂ തുടങ്ങുന്നത്. ക്രൈം - ഗാങ്സ്റ്റർ മൂവി എന്ന നിലയിൽ 'മാത്രം' കാണുകയാണെങ്കിൽ മികച്ചൊരു തിയേറ്റർ അനുഭവമാണെന്നും അതിനപ്പുറത്തേക്ക് ആലോചിച്ചു പോകുന്നവർക്ക് എത്തിക്കൽ ഇഷ്യൂസ് ഫീൽ ചെയ്യുമെന്നും നിതിൻ എഴുതുന്നു. 'അമിത പ്രതീക്ഷകൾ മാറ്റിവെച്ചു കണ്ടാൽ ടെക്‌നിക്കലി മികച്ചു നിൽക്കുന്ന ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന നല്ലൊരു സിനിമാറ്റിക് അനുഭവം' എന്ന് ബാസിൽ ജെയിംസും എഴുതുന്നു.
ഗംഭീര സിനിമയൊന്നുമല്ല, പക്ഷേ...
'മൂവി സ്ട്രീറ്റി'ൽ രാജേഷ് കെ.പിയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ: 'ഒരു ഗംഭീര സിനിമ ആണോ കുറുപ്പ് എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല, പക്ഷെ ഒരു മോശം സിനിമയും അല്ല... അമിത പ്രതീക്ഷയായി പോയതിനാലാവും എന്നിലെ പ്രേക്ഷകന് കുറുപ്പ് എന്ന സിനിമ ഒരു ശരാശരി സിനിമ അനുഭവം മാത്രം.' ചിത്രം കണ്ടു കഴിഞ്ഞപ്പോൾ, സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി 1984-ൽ പുറത്തിറങ്ങിയ ചഒ47 എന്ന ചിത്രം ഒരു കിണ്ണം കാച്ചിയ ഐറ്റവും ആയിരുന്നുവെന്ന നിഗമനം ശക്തിപ്പെട്ടു എന്ന് ചലച്ചിത്ര നിരൂപകനും കവിയുമായ ശൈലൻ എഴുതുന്നു. സംവിധായകൻ ശ്രീനാഥ് തന്റെ ആദ്യ ചിത്രങ്ങളിൽ കാണിച്ച മേക്കിങ് മികവിന്റെ നിഴൽ പോലും കുറുപ്പിൽ കാണുന്നില്ലെന്നും മേജർ രവി സംവിധാനം ചെയ്ത 'മിഷൻ 90 ഡേയ്‌സ്' ഇതിനേക്കാൾ മികച്ച ചിത്രമായിരുന്നുവെന്നും ശൈലൻ തുടരുന്നു. ഓർത്തുവെക്കാവുന്നതോ സംഭ്രമിക്കുന്നതോ ആയ എനർജി പാക്ക്ഡ് ആയ ഒരു നിമിഷം പോലും സിനിമയിൽ നിന്ന് തനിക്ക് കിടിയില്ലെന്നും ശൈലൻ എഴുതുന്നു.
മാസല്ല, ക്ലാസാണുദ്ദേശിച്ചത്
ഇന്റർവെല്ലിനു മുമ്പ് ഇഴഞ്ഞുനീങ്ങിയ 'കുറുപ്പി'ന് ജീവൻ കൈവരുന്നത് ദുൽഖർ സുകുമാരക്കുറുപ്പായി വേഷപ്പകർച്ച നടത്തിയ രണ്ടാം പകുതിയിലാണെന്നാണ് സോഷ്യൽ മീഡിയാ റിവ്യൂകൾ ഒരേസ്വരത്തിൽ പറയുന്നത്. ക്രൈം ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ ജോണറുകൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സ് നിറക്കാൻ ചിത്രത്തിനു കഴിയും. ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടനം വേറിട്ടുനിന്നപ്പോൾ സാങ്കേതിക മേഖലകളിലും ചിത്രം മികവ് പുലർത്തി. അതേസമയം, സുകുമാരക്കുറുപ്പിന്റെ യഥാർത്ഥ ജീവിതകഥയോട് നീതി പുലർത്താൻ ശ്രമിച്ചതിനാലാണ് ചിത്രത്തെ 'മാസ്' തലത്തിലേക്ക് ഉയർത്താൻ കഴിയാതിരുന്നതെന്ന് ഫാൻസ് റിവ്യൂകളും പറയുന്നു.
ഏതായാലും, ദിവസങ്ങളോളം നീണ്ടുനിന്ന തിയേറ്റർ - ഒ.ടി.ടി വിവാദങ്ങളും സമർത്ഥമായ മാർക്കറ്റിങ് തന്ത്രവും വഴി ആദ്യദിനത്തിൽ തിയേറ്ററുകൾ നിറക്കാൻ 'കുറുപ്പി'ന്റെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ദുൽഖറിന്റെ ഫാൻബേസും നിർണായകമായി. എന്നാൽ, വരും ദിവസങ്ങളിൽ തിയേറ്ററുകളിലേക്ക് ആളൊഴുക്ക് സൃഷ്ടിക്കാൻ 'കുറുപ്പി'ന് കഴിയുമോ എന്നതാണ് വലിയ ചോദ്യം. ആളുകളെ തിയേറ്ററുകളിൽ എത്തിക്കുന്നതിന് മൗത്ത് പബ്ലിസിറ്റിക്ക് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത് മാസും ക്ലാസും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ച് പ്രേക്ഷകരെ കൊണ്ടുവരിക അത്ര എളുപ്പമാവില്ല. എന്നാൽ, ഇപ്പോഴുള്ള അനുകൂല ഘടകങ്ങൾ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ മറികടക്കാൻ ദുൽഖർ സൽമാന് കഴിഞ്ഞാൽ, താരത്തിന്റെ കരിയറിലെ മൈൽസ്‌റ്റോൺ ആയിരിക്കുമത്.
Summary: Kurup Movie (2021) of Dulquer Salman and Srinath Rajendran fails to impress mass audience. Contrary to media reports, social media reviews point out to where the film fails.