'ബോയ്‌ക്കോട്ട് വാദികളുടെ അജണ്ട പരാജയപ്പെട്ടു, പഠാൻ2 സംഭവിച്ചേക്കാം'- സംവിധായകൻ സിദ്ധാർഥ് ആനന്ദ്
സിദ്ധാർഥ് ആനന്ദിന് പത്താൻ2 ചെയ്യണമെന്നുണ്ടെങ്കിൽ ഞാനത് ചെയ്യും. നിർമാതാക്കൾ തുടർഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ബഹുമതിയാണെന്ന് ഷാരൂഖ് പറഞ്ഞു
ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടത് വലിയ ബഹിഷ്‌കാരണാഹ്വാനമായിരുന്നു. റിലീസിനുമുൻപെ ചിത്രത്തിനെതിരെ ബജ്‌റംഗ്ദൾ വിഎച്ച്പി പ്രവർത്തകർ തെരുവിലിറങ്ങി. എന്നാൽ ബോക്‌സ്ഓഫീസ് കുലുക്കി ചിത്രം കുതിക്കുകയാണ്. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുന്നു എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ സമയത്തൊന്നും ഒരഭിപ്രായവും രേഖപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്.
ബോയ്കോട്ട് വാദികൾക്കെതിരെയണ് സിദ്ധാർത്ഥിന്റെ വാക്കുകൾ. 'ചിത്രത്തിൽ അപകടകരമായി ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. കാരണം ആ സമയത്ത് അവർ സിനിമ കണ്ടിട്ടില്ലായിരുന്നു. പിന്നീട്, അവർ ചിത്രം കണ്ടു, വലിയ വിജയമാക്കി. ബോയ്കോട്ട് വാദികളുടെ അജണ്ടകൾ പരാജയപ്പെട്ടു', സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെകുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംഭവിച്ചേക്കാം എന്നാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ് മറുപടി പറഞ്ഞത്. സിദ്ധാർത്ഥ് ആനന്ദിന് പത്താൻ2 ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാനത് ചെയ്യും. നിർമാതാക്കൾ തുടർഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ബഹുമതിയാണെന്നാണ് ഷാരൂഖ് പറഞ്ഞത്
ഇന്ത്യയിൽ ആദ്യദിനം പഠാൻ 57 കോടിയോളം രൂപ നേടിയിരുന്നു. ഒരു ഹിന്ദി ചിത്രം ഇന്ത്യയിൽനിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയർന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ വാർ ആദ്യദിനം 53.3 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻകൂടിയാണ് പഠാൻ സ്വന്തമാക്കിയത്. 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാൻ പിന്നിലാക്കിയത്. മാത്രവുമല്ല ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം പത്താന്റെ ഈ കുതിപ്പ് തുടരുമെന്നും അത് റെക്കോർഡുകൾ തിരുത്തിയെഴുതുമെന്ന് പറയുന്നു. റെക്കോർഡ് തുകയ്ക്കാണ് ആമസോൺ പഠാന്റെ അവകാശം നേടിയതെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ നിന്ന് 300 കോടി ക്ലബ്ബിൽ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കി. ചിത്രം ഏഴ് ദിവസം പൂർത്തിയാക്കുന്നതിന് മുൻപാണ് 300 കോടി എന്ന മാജിക് നമ്പർ കടന്നത്.
ബാഹുബലി2 ഹിന്ദിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് ദിവസം കൊണ്ടാണ് ചിത്രം 300 കോടി കടന്നത്. 'കെജിഎഫ്2' 11 ദിവസം കൊണ്ടും 'ദങ്കൽ' 13 ദിവസം കൊണ്ടും 'സഞ്ജു'വും 'ടൈഗർ സിന്ദാ ഹെ' 16 ദിവസം കൊണ്ടും 'പികെ' 17 ദിവസം കൊണ്ടും 'വാർ' 19 ദിവസം കൊണ്ടും 'ബജറങ്കി ബായ് ജാൻ' 20 ദിവസവും 'സുൽത്താൻ' 35 ദിവസവും എടുത്താണ് 300 കോടി കടന്നത്. പഠാന് മുമ്പ് ഇറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം 'സീറോ' ആയിരുന്നു. തിയറ്ററിൽ വലിയ പരാജയമായിരുന്നു ചിത്രം നേരിട്ടത്.