"ഞങ്ങളെ പോലെ മോശം പടങ്ങളും ചെയ്യൂ.." ജോജിയെ പൊക്കിയും ബോളിവുഡിനെ കുത്തിയും ഗജ്‍രാജ് റാവു
കോവിഡ് ഒഴിഞ്ഞുള്ള കാലത്ത് നിങ്ങളുടെ സിനിമയുടെ ഫസ്റ്റ് ഡേ ഷോക്കായി താൻ ഒരുങ്ങിയിരിക്കുകയാണെന്നും ഗജ്‍രാജ് റാവു പറഞ്ഞു
ജോജി ടീമിന് അഭിനന്ദനം ചൊരിഞ്ഞ് ബോളിവുഡ് താരം ഗജ്‍രാജ് റാവു. പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു ഹാസ്യത്മകമായി പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ജോജി സിനിമയുടെ ടീസർ പങ്കുവെച്ചുകൊണ്ടായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്.
ജോജി സിനിമ കണ്ടു. എനിക്ക് പറയാനുള്ളതെന്തെന്ന് വെച്ചാൽ, ഇനിയും ഇത്തരം നല്ല സിനിമകൾ നിങ്ങൾ ചെയ്യരുത്. വല്ലപ്പോഴും മറ്റ് ഭാഷകളിൽ നിന്നോ, അല്ലങ്കിൽ ഞങ്ങളുടെ ബോളിവുഡിൽ നിന്നോ നിങ്ങൾ കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. മോശം സിനിമകൾ എങ്ങനെ ചെയ്യാമെന്നും നിങ്ങൾ അറിയേണ്ടിയിരിക്കുന്നുവെന്നാണ് ഗജ്‍രാജ് റാവു കുറിച്ചത്.
എന്തുകൊണ്ടാണ് മാർക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങൾക്കില്ലാത്തത്, എന്തുകൊണ്ട് നിങ്ങൾ ജീവനില്ലാത്ത റീമേക്കുകൾ ചെയ്യുന്നില്ല എന്നിങ്ങനെ ചോദിച്ചുകൊണ്ട് ബോളിവുഡ് ഇൻഡസ്ട്രിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു റാവു.
ഇത്തരം നല്ല സിനിമകൾ തുടർന്നും ചെയ്യാൻ സാധിക്കട്ടെയെന്നും, കോവിഡ് ഒഴിഞ്ഞുള്ള കാലത്ത് നിങ്ങളുടെ സിനിമയുടെ ഫസ്റ്റ് ഡേ ഷോക്കായി താൻ ഒരുങ്ങിയിരിക്കുകയാണെന്നും ഗജ്‍രാജ് റാവു പറഞ്ഞു