മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ, യാഥാർത്ഥ്യം എന്ത് ?
മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഇന്ദ്രജിത്ത് രംഗത്തെത്തി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ലൂസിഫർ' ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായി 'എമ്പുരാൻ' ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയാണെന്ന് വാർത്തകളും പുറത്തുവന്നു. ഇതിനിടയിലാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സംവിധായകനാവുന്നുവെന്നും പ്രധാന കഥാപാത്രമായി മോഹൻലാൽ എത്തുന്നു എന്നും വാർത്ത പരന്നത്. ഇപ്പോഴിതാ പുറത്തുവന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് തന്നെ രംഗത്തെത്തിയിരിക്കുന്നു.
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഇന്ദ്രജിത്ത് തന്നെയാണെന്നാണ് വാർത്ത പരന്നത്. മോഹൻലാലുമായി ആദ്യഘട്ട ചർച്ച നടത്തിയെന്നും പ്രചരിച്ചു. എന്നാൽ ഇതിൽ ഒരു സത്യവുമില്ലെന്നും എവിടെനിന്നാണ് ഇങ്ങനെയൊരു വാർത്ത ഉണ്ടായതെന്ന് അറിയില്ലെന്നും സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ഇന്ദ്രജിത്ത് വ്യക്തമാക്കി.
ജീത്തു ജോസഫ് ഒരുക്കുന്ന 'റാം' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. സംയുക്ത, തൃഷ കൃഷ്ണൻ, ആദിൽ ഹുസൈൻ, അനൂപ് മേനോൻ, ദുർഗ കൃഷ്ണ, സിദ്ധിഖ്, സായ് കുമാർ, വിനയ് ഫോർട്ട്. ചന്ദുനാഥ്, സുരേഷ് ചന്ദ്ര മേനോൻ, പ്രിയങ്ക നായർ, കലാഭവൻ ഷാജോൺ എന്നിങ്ങനെ നിരവധി താരങ്ങൾ റാമിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ യുകെ, ഇസ്രായേൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ഇനി പൂർത്തിയാക്കാനുണ്ടെന്നാണ് റിപ്പോർട്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലാണ് മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം.