കരാറില്ല; മാർക്കോ സിനിമയുടെ ഒടിടി റിലീസ് വാർത്തകള്‍ക്കെതിരെ നിർമാതാവ്

ക്രിസ്മസ് - ന്യൂഇയർ വിന്നറായി മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് 'മാർക്കോ'

Update: 2025-01-07 04:36 GMT
Editor : geethu | Byline : Web Desk
Advertising

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ഒടിടി റിലീസ് വാർത്തകള്‍ക്കെതിരെ നിർമാതാവ് രംഗത്ത്. 'മാർക്കോ' സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്‍ഫോമുകളുമായും കരാറുകൾ ഒപ്പുവെച്ചിട്ടില്ലെന്നും നിർമാതാവ് ഷെരീഫ് മുഹമ്മദ് പത്രക്കുറിപ്പിൽ അറിയിച്ചു.

''മാർക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഈ ഒരു ഘട്ടത്തിൽ യാതൊരു ഒടിടി പ്ലാറ്റ്‍ഫോമുകളുമായും കരാറുകൾ ഒപ്പുവെച്ചിട്ടില്ല എന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. ഇതിനു വിപരീതമായ എല്ലാം വാർത്തകളും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.


മാർക്കോ പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം നൽകുന്നതിനായി നിർമിച്ചതാണ്. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ട്, അത് പ്രേക്ഷകർ ഏറ്റെടുത്ത് ആസ്വദിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഈ സിനിമയുടെ തീവ്രതയും ദൃശ്യസൗന്ദര്യവും ശബ്‍ദപ്രഭാവവും അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകളാണ്. അതിനാൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ മാർക്കോ കാണാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.

ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തിൽ, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഞങ്ങളുടെ അംഗീകൃത ഇടങ്ങളിലൂടെ നിങ്ങളുമായി പങ്കിടുന്നതായിരിക്കും. അതുവരെ, ഈ വിഷയം സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ഞങ്ങൾ വിനയപൂർവം അഭ്യർഥിക്കുന്നു. മാർക്കോയ്ക്ക് ഇതുവരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾ ആദരപൂർവം അംഗീകരിക്കുന്നു. തിയേറ്ററുകളിൽ മാർക്കോയെ കാണുന്നതിനും ആഘോഷിക്കുന്നതിനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു'', എന്ന് ഷെരീഫ് മുഹമ്മദ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

മലയാളത്തിൽ ആദ്യമായി ഒരു 'എ' റേറ്റഡ് ചിത്രം 100 ക്ലബ്ബിൽ ഇടം നേടുന്ന അപൂർവതയും മാർക്കോയിലൂടെ കൈവന്നിരിക്കുകയാണ്. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് 'മാർക്കോ' പ്രദർശനം തുടരുന്നത്.

ക്രിസ്മസ് - ന്യൂഇയർ വിന്നറായി മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് 'മാർക്കോ'. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിർമിച്ച ആദ്യ സിനിമ തന്നെ 100 കോടി നേട്ടം ലഭിച്ചുവെന്ന അപൂർവതയും ക്യൂബ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News