അടുത്ത 1000 കോടിയിലേക്ക് എസ്ആർകെ; 'ജവാൻ' പിഴുതെറിഞ്ഞ റെക്കോർഡുകൾ
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രമായി ആറ്റ്ലീ സംവിധാനം ചെയ്ത ജവാന്‍ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. പഠാന് ശേഷം അടുത്ത ആയിരം കോടി എന്നത് എസ്ആർകെ തന്‍റെ പേരിലാക്കുമെന്ന സൂചന നല്‍കുന്ന മുന്നേറ്റമാണ് ജവാന്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 400 കോടി കടക്കുന്ന ഹിന്ദി ചിത്രം എന്ന റെക്കോർഡും ജവാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 11 ദിവസങ്ങള്‍ക്കുള്ളിലാണ് ജവാന്‍ ഹിന്ദി 430.44 കോടി നേടിയത്. എല്ലാ ഭാഷളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്ന് മാത്രം 479 കോടിയാണ് ചിത്രം നേടിയത്. ചിത്രം ആഗോള തലത്തില്‍ ഇതുവരെ 797 കോടി നേടിയെന്ന് നിർമാതാക്കൾ തന്നെ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 36 കോടിയാണ്. ഈ മുന്നേറ്റം തുടർന്നാല്‍ ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഒരു വർഷം രണ്ട് 1,000 കോടി ഗ്രോസറുകൾ നേടിയ ഏക ഇന്ത്യൻ നടനായി ഷാരൂഖ് മാറും. നിതേഷ് തിവാരിയുടെ ദംഗൽ (2016), പത്താൻ (2023) എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ലോകമെമ്പാടും 1,000 കോടിയിലധികം ഗ്രോസ് നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍, തിയറ്റർ റിലീസ് ചെയ്ത് 27-ാം ദിവസമാണ് പത്താൻ 1,000 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. ദംഗൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി ഇപ്പോഴും തുടരുന്നു. 2,070.30 കോടി യാണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ വരുമാനത്തില്‍ പ്രധാന പങ്ക് ചൈനയിലെ റിസീസിന് ശേഷമാണ് ഉണ്ടായത്.
ജവാൻ നിലവിൽ 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രവും എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ ഏഴാമത്തെ ഇന്ത്യൻ ചിത്രവുമാണ്.
ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ആദ്യ ദിവസ കളക്ഷൻ എന്ന റെക്കോർഡ് തകർത്തായിരുന്നു ജവാന്‍ തുടങ്ങിയത്. 80.10 കോടിയാണ് നേടിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ബോക്‌സ് ഓഫീസിൽ 200 കോടി രൂപ പിന്നിട്ടു. ഇത് ഒരു ബോളിവുഡ് ചിത്രവും ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടമായിരുന്നു. നാല് ദിവസം കൊണ്ടാണ് പത്താന്‍ ഈ നേട്ടത്തില്‍ എത്തിയത്. ഒരു ഹിന്ദി ചിത്രത്തിന് ആദ്യ ആഴ്‌ചയിലെ മികച്ച ആഗോള കളക്ഷന്‍ എന്ന റെക്കോർഡും ജവാന്‍ നേടി. 369.43 കോടി. പത്താന്‍ നേടിയ 364.15 കോടി എന്ന തന്‍റെ തന്നെ റെക്കോർഡാണ് എസ്ആർകെ തിരുത്തിയത്.
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2023 സെപ്റ്റംബർ 7-നാണ് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.