വെറും 24 മണിക്കൂർ, റെക്കോർഡ് ബുക്കിങ്; കുതിപ്പ് തുടർന്ന് എആർഎം
ബുക്ക് മൈ ഷോയിൽ 24 മണിക്കൂറിൽ ചിത്രം ബുക്ക് ചെയ്തത് ഒന്നരലക്ഷം ആളുകൾ
കൊച്ചി: ഓണച്ചിത്രങ്ങളിൽ റെക്കോഡുകളുടെ കാര്യത്തിൽ പുതുചരിത്രവുമായി എആർഎം. ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോം മുഖേന കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്ത ചിത്രമായി അജയന്റെ രണ്ടാം മോഷണം മാറി. ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചിത്രം ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്തത്. വിജയ് ചിത്രം "ഗോട്ടും" ഹിന്ദി ചിത്രം "സ്ത്രീ" യുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ത്രീഡി ചിത്രമായിരുന്നു എആർഎം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽനിന്ന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം അഞ്ച് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 40 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിനായി.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം ഷമീർ മുഹമ്മദ്.