ചിരിപ്പിച്ച് ​ഹിറ്റിലേക്ക്, താനാരാ വേറെ ലെവൽ

കോമഡി ത്രില്ലർ എന്റർടൈനിങ് ചിത്രമായ താനാരാ ഇരുക്കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്

Update: 2024-08-26 13:31 GMT
Editor : geethu | Byline : Web Desk
Advertising

പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിലേക്ക് കയറുകയാണ് പുതിയ കോമഡി ചിത്രം താനാരാ.

തിയേറ്ററുകള്‍ ചിരി അരങ്ങുകളാക്കി മാറ്റിയിരിക്കുകയാണ് താനാരാ.

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ സംവിധായകൻ ഹരിദാസും റാഫിയും ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കോമഡി ത്രില്ലർ എന്റർടൈനിങ് ചിത്രമായ താനാരാ ഇരുക്കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു കള്ളനെയും മോഷണത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ പുരോ​ഗമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ പ്രേക്ഷകരിൽ ചിരി പടർത്തുകയാണ് സംവിധായകൻ. കുറച്ചുകഥാപാത്രങ്ങൾ മാത്രമേ അണിനിരക്കുന്നുവുള്ളുവെങ്കിലും ചിരിക്ക് ഒരുകുറവും ചിത്രത്തിലില്ല. എം.എല്‍.എ ആദര്‍ശ് ശ്രീവരാഹത്തിന്‍റെ വീട്ടിൽ തങ്കച്ചൻ കയറുന്നതോടെയാണ് സിനിമയ്ക്ക് ചൂടുപിടിക്കുന്നത്. എം.എൽ.എ സ്ഥലത്തില്ലെന്ന് കരുതിയ തങ്കച്ചന്റെ കണക്കുകൂട്ടലുകൾ അവിടം മുതൽ തെറ്റുകയാണ്. പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ക്യാമറ. കുടുംബബന്ധങ്ങളിലെ ചില നിമിഷങ്ങൾ എത്രമാത്രം ദമ്പതികൾ ആസ്വദിക്കുന്നുണ്ടെന്ന് ഒരു കള്ളന്റെ ജീവിതത്തിലൂടെ പ്രേക്ഷകരിലേക്ക് പകർന്നു തരികയാണ് സംവിധായകൻ. അതോടൊപ്പം തന്നെ ചില അനാവശ്യ ചോദ്യങ്ങൾ എത്രമാത്രം മറ്റുള്ളവരെ ബാധിക്കുന്നു എന്നും, ചില സംശയങ്ങളുടെ ഉറവിടം അവരവരുടെ തന്നെ പ്രശ്നങ്ങൾ കൊണ്ടുമാകാം എന്നും ചിത്രം സൂചിപ്പിക്കുന്നു.

കള്ളൻ തങ്കച്ചനായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുമ്പോൾ എം.എല്‍.എയായി ഷൈന്‍ ടോം ചാക്കോ വേഷമിടുന്നു. ഇവർക്കൊപ്പം തകർക്കാൻ ദീപ്തി സതിയും ചിന്നു ചാന്ദ്നിയും ഒപ്പമുണ്ട്. അജു വർ​ഗീസ്, സ്നേഹ ബാബു എന്നിവരും ചിത്രത്തെ കളറാക്കുന്നു. ആദ്യാവസാനം ചിരിപ്പൂരമൊരുക്കുന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടനം കെെയടി നേടുന്നുണ്ട്. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News