'സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം'; ഗാനരചനയിൽ നിന്ന് ഇടവേളയെടുത്ത് മുഹ്സിൻ പരാരി
സൂക്ഷ്മദര്‍ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം
എറണാകുളം: മലയാളികൾ കേട്ട് ആസ്വദിച്ച ഒട്ടേറെ ഗാനങ്ങൾക്കു പിന്നിലുള്ള വ്യക്തിയാണ് മുഹ്സിൻ പരാരി. ഫാലിമി, സുലൈഖ മൻസിൽ, തല്ലുമാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ വൈറൽ പാട്ടുകൾക്ക് പിന്നിലെല്ലാം മുഹ്സിന്റെ തൂലികയുണ്ടായിരുന്നു. എന്നാൽ ഇനി കുറച്ചുനാൾ ആ വരികൾ നമ്മളിലേക്കെത്തില്ല. ചലച്ചിത്ര ഗാനരചനയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഹ്സിൻ പരാരി.
'സിനിമാഗാനങ്ങൾ എഴുതുന്നതിൽ നിന്ന് ഞാൻ ഇടവേളയെടുക്കുകയാണ്. പാട്ടെഴുതുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ വരും വർഷങ്ങളിൽ എന്റെ സംവിധാന സംരംഭത്തിലും തിരക്കഥാ രചനയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.'- ഇങ്ങനെയാണ് മുഹ്സിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായെത്തിയത്.
വൈറസ്, തമാശ, ഭീമന്റെ വഴി, തല്ലുമാല തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് മുഹ്സിൻ. അവയെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. നസ്‌റിയ- ബേസില്‍ ചിത്രമായ സൂക്ഷ്മദര്‍ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം. ഇതുകൂടാതെ നിരവധി സ്വതന്ത്ര സംഗീത ആല്‍ബങ്ങള്‍ക്ക് വേണ്ടിയും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.
'കെഎൽ 10 പത്ത്' ആണ് മുഹ്സിൻ ആദ്യമായി സംവിധായകൻ്റെ കുപ്പായമണിഞ്ഞ ചിത്രം. സുഡാനി ഫ്രം നൈജീരിയ, തല്ലുമാല, വൈറസ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ചതും മുഹ്സിനാണ്. ഈയിടെ വൈറലായ "പന്തൾChant" എന്ന ആൽബം മുഹ്സിനാണ് സംവിധാനം ചെയ്തത്. ഡാബ്സി, ബേബി ജീൻ, ജോക്കർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.