മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; 'കണ്ണൂർ സ്ക്വാഡ്' രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി
ക്യാമറാമാന്‍ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററില്‍ തുടരുകയാണ്. പ്രതികൂല കാലവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക് ആശ്വാസകരമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അണിയറപ്രവർത്തകർ നന്ദി പറഞ്ഞു.
വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
'കണ്ണൂർ സ്ക്വാഡിനോട് സ്നേഹം ചൊരിഞ്ഞതിന് നന്ദി. ഞങ്ങളുടെ സ്ക്വാഡ് അംഗങ്ങളുടെ പിന്തുണയ്ക്കും സ്വീകാര്യതയ്ക്കും വേണ്ടിയും നിങ്ങളുടെ സ്നേഹത്തിനുള്ള നന്ദി സൂചകമായും ഞങ്ങൾ ഈ വിജയം നിങ്ങൾക്കായി സമർപ്പിക്കുന്നു'.- സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
വലിയ പ്രൊമോഷൻ പരിപാടികളും ആഘോഷങ്ങളുമൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധനേടുന്നത്. ആദ്യ ദിവസം കഴിഞ്ഞതോടെ കേരളത്തിലെ തിയേറ്ററുകളിൽ കണ്ണൂർ സ്ക്വാഡിന്റെ ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 'ഗ്രേറ്റ് ഫാദർ', 'പുതിയ നിയമം', 'ജോൺ ലൂദർ' പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'.