"എന്നെ തൊട്ടുകാണിക്കണമായിരുന്നു, അതായിരുന്നു ആദ്യകാല വേഷങ്ങള്‍"; ഓര്‍മകള്‍ പങ്കുവെച്ച് മാമുക്കോയ
നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം ഇനി വരാനുണ്ടെന്നും 1988 ല്‍ നടന്ന അഭിമുഖത്തില്‍ മാമുക്കോയ പറയുന്നു.
'കുരുതി'ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രിയതാരം മാമുക്കോയക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മൂസാ ഖാദര്‍ എന്ന, മാമുക്കോയയുടെ ഇതുവരെ കാണാത്ത ഗംഭീര വേഷം ഏവരെയും അത്ഭുതപ്പെടുത്തി. അതിനിടെ തന്റെ പഴയകാല അഭിമുഖത്തിലെ ഒരു ഭാഗം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും, നടനായി ആളുകള്‍ ഇഷ്ട്‌പ്പെട്ടതിനെ കുറിച്ചുമാണ് താരം അഭിമുഖത്തില്‍ പറയുന്നത്.
'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. അതിന് മുന്‍പ് നാടകങ്ങളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ആദ്യ ചിത്രം ആര്‍ട്ട് പടമായിരുന്നു. പ്രശസ്തരായ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ശ്രദ്ധിക്കപ്പെട്ടില്ല.
'സുറുമയിട്ട കണ്ണുകള്‍' എന്ന ചിത്രത്തിലും പിന്നീട് വേഷമിട്ടു. എന്നാല്‍ അതും വളരെ ചെറിയ വേഷമായിരുന്നു. ഞാന്‍ തന്നെ തൊട്ടുകാണിച്ചു കൊടുക്കണമായിരുന്നു താനാണ് ഇതില്‍ അഭിനയിച്ചിട്ടുള്ളത് എന്നറിയിക്കാന്‍. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്.
ആ ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു. ഒരു നടനായി അംഗീകരിക്കപ്പെടുന്നത് അവിടം മുതലാണെന്നും മാമുക്കോയ പറയുന്നു. നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം ഇനി വരാനുണ്ടെന്നും മാമുക്കോയ അഭിമുഖത്തില്‍ പറയുന്നു. 1988 ല്‍ ഖത്തറില്‍ എത്തിയ മാമുക്കോയയുമായി എ.വി.എം ഉണ്ണി നടത്തിയ അഭിമുഖത്തിന്റെ ഭാഗമായിരുന്നു മാമുക്കോയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കലയോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല, ഒരു തൊഴിലായി തന്നെയായിരുന്നു അഭിനയത്തിലേക്ക് വന്നതെന്ന് മാമുക്കോയ പറയുന്നു. വീട്ടില്‍ ഉമ്മായുടെ തട്ടം എടുത്ത് അഭിനയം തുടങ്ങിയതാണ്. ജോലി ഉപേക്ഷിച്ച് നാടകങ്ങളിലും ഒക്കെ അഭിനയിക്കാന്‍ പോയി. പിന്നെ വേഷങ്ങള്‍ കിട്ടി കൊണ്ടിരുന്നു. ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ അത് തന്നെ തൊഴിലായി തെരഞ്ഞെടുത്തു.
എന്തെങ്കിലും കോപ്രായം കാട്ടികൂട്ടിയാല്‍ അത് ഹാസ്യമാകില്ലെന്നും മലയാളികളുടെ പ്രിയതാരം അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഇതുവരെ തന്നെ സഹിച്ച പ്രേക്ഷകര്‍ തുടര്‍ന്നും സഹിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.