ഗുസ്തിക്കാരനായി മോഹൻലാൽ, ശിഷ്യനായി പൃഥ്വിരാജ്; ആ ചിത്രത്തെ പറ്റി മണിയൻപിള്ള രാജു
മണിയൻ പിള്ള നിർമിക്കുന്ന പുതിയ ചിത്രമാണ് 'മഹേഷും മാരുതിയും'
മലയാളത്തിൽ നടക്കാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ട്. തിരക്കഥ പൂർത്തിയാക്കിയതും ഷൂട്ടിങ് തുടങ്ങിയിട്ടും നിർത്തിവെച്ച ചിത്രങ്ങൾ ഇതിൽപെടുന്നു. ചില ചിത്രങ്ങൾ ആലോചനാഘട്ടത്തിൽ തന്നെ തിരക്കഥയിലെ പ്രശ്‌നം കൊണ്ട് ഡ്രോപ് ചെയ്യും. അത്തരത്തിൽ നടക്കാതെ പൊയ ഒരു ചിത്രത്തെകുറിച്ച് മനസ് തുറക്കുകയാണ് നിർമാതാവും നടനുമായ മണിയൻപിള്ള രാജു. ഗുസ്തി പശ്ചാത്തലത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കാനിരുന്ന ചിത്രത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. പുതിയ ചിത്രം മഹേഷും മാരുതിയുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു മണിയൻപിള്ള ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
''സച്ചിയും സേതു തിരക്കഥ എഴുതി അൻവർ റഷീദിന്റെ സംവിധാനത്തിൽ ചിത്രം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ചോക്ലേറ്റ് സിനിമയുടെ കഥാതന്തു കേട്ടപ്പോഴാണ് എനിക്ക് വേണ്ടി ഒരു സിനിമ എഴുതാമോ എന്ന് സച്ചിയോടും സേതുവിനോടും ചോദിക്കുന്നത്. പല കഥകളും അവർ കൊണ്ടുവന്നു. എന്നാൽ ഒന്നും അൻവറിന് ബോധിക്കിന്നില്ല. അവസാനം മോഹൻലാൽ നായകനായി ഒരു ഗുസ്തിക്കഥ പ്ലാൻ ചെയ്തു. ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും. വലിയ ബജറ്റിലാണ് കഥ അവർ പ്ലാൻ ചെയ്തിരിക്കുന്നത്. ഹെലികോപ്റ്റർ ഫൈറ്റൊക്കെയുണ്ട്. ഇത് കേട്ടപ്പോ തന്നെ ഞാൻ ഞെട്ടി. എന്റെ വിളർച്ച കണ്ടപാടെ മോഹൻലാൽ ഇടപെട്ടു. ഈ കഥ ക്ലീഷേ ആണ് നമുക്ക് വേറെ പിടിക്കാം, അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അതു കേട്ടപ്പോ അൻവർ റഷീദും പറഞ്ഞു നമുക്കൊരു ഇടവേള എടുക്കാമെന്ന്''- മണിയൻപിള്ള രാജു പറയുന്നു.
സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ആസിഫലിയും മംമ്ത മോഹൻദാസുമാണ് ചിത്രത്തിൽ പ്രധാന കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഫെബ്രുവരി പതിനേഴിന് ചിത്രം പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷത്തിലെത്തുന്നത്.