'വെട്ടിയിട്ട വാഴത്തണ്ട് പോലെ'... മരക്കാറിന് സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വിമർശം

"ഒരു മോഹൻലാൽ ഫാൻ എന്ന നിലയിൽ എന്നിലെ ആരാധകനെ തൃപ്തിപ്പെടുത്തി എന്നൊരു നിരുപദ്രവ നുണ പോലും പറയാനാകാത്ത വിധം 'മരക്കാർ' നിരാശപ്പെടുത്തി..."

Update: 2021-12-02 06:39 GMT
Editor : André | By : Web Desk
Advertising

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസ് ചെയ്ത പ്രിയദർശൻ - മോഹൻലാാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് സമൂഹമാധ്യമങ്ങൾ. അഞ്ച് ഭാഷകളിലായി 4100 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയും റിലീസിനു മുമ്പുതന്നെ റിസർവേഷൻ വഴി വൻതുക സ്വന്തമാക്കുകയും ചെയ്ത ചിത്രം സാങ്കേതിക മേഖലകളിൽ മികവ് പുലർത്തിയെങ്കിലും മോശം തിരക്കഥയും സംഭാഷണവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മികച്ച ദൃശ്യാനുഭവം സമ്മാനിച്ച യുദ്ധരംഗമടക്കമുള്ള ആദ്യ പകുതി ഏറെ പ്രതീക്ഷ പകർന്നെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും, വി.എഫ്.എക്‌സിന്റെ തിയേറ്റർ അനുഭവത്തിനായി മാത്രം കാണേണ്ട സിനിമയായി മരക്കാർ മാറിയെന്നും സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ പറയുന്നു.

'സിനിമ സംവിധായകന്റെ കലയാണ്, സിനിമ ദൃശ്യഭാഷയാണ് എന്നൊരു സാങ്കേതികയ്ക്ക് ഒപ്പം തന്നെ സിനിമയ്ക്ക്, ആ ദൃശ്യ ഭാഷയ്ക്കു ഒരു സ്‌ക്രിപ്റ്റ് അനിവാര്യമാണ്. മരയ്ക്കാറിൽ'അങ്ങനെ ഒരു സംഗതി ഇല്ല. സമീപകാലത്ത് കണ്ട ഒരു സിനിമയിലെ ഏറ്റവും മോശം സ്‌ക്രിപ്റ്റ് ആയിരുന്നു മരയ്ക്കാർ'. ഇത്രയും വലിയ പ്രോജക്ട് ഒരു പ്രൊഫഷണൽ റൈറ്ററെ ഒഴിവാക്കി കൊണ്ട് ചെയ്യാമെന്ന് കരുതിയ ആത്മവിശ്വാസത്തിനു ഒരു ന്യായീകരണവുമില്ല.' വിഷ്ണു പദ്മനാഭൻ ഫേസ്ബുക്കിൽ എഴുതുന്നു. ഇമോഷണൽ ഡ്രാമയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമോഷൻസ് ഒന്നും വർക്കൗട്ടായില്ലെന്നും കഥാപാത്രങ്ങളുടെ മരണമോ വേദനയോ അനുഭവവേദ്യമാക്കാൻ സിനിമയ്ക്ക് കഴിയുന്നില്ലെന്നും വിഷ്ണു എഴുതുന്നു. 'ഒരു മോഹൻലാൽ ഫാൻ എന്ന നിലയിൽ എന്നിലെ ആരാധകനെ തൃപ്തിപ്പെടുത്തി എന്നൊരു നിരുപദ്രവ നുണ പോലും പറയാനാകാത്ത വിധം 'മരയ്ക്കാർ ' നിരാശപ്പെടുത്തി...' എന്നും വിഷ്ണു പറയുന്നു.

വി.എഫ്.എക്‌സ്, കൊറിയോഗ്രഫി, സിനിമാട്ടോഗ്രഫി, ആർട്ട് ഡയറക്ഷൻ, ബി.ജി.എം, മ്യൂസിക് ഒക്കെ നന്നായെങ്കിലും സിനിമയുടെ നട്ടെല്ലായ കഥ ഒത്തുപോകുന്നില്ലെന്ന് അരുൺ സുരേന്ദ്രൻ 'സിനിമാ പാരഡിസോ ക്ലബ്ബി'ൽ എഴുതുന്നു: 'നമ്മുടെ മുന്നിൽ നല്ല ഒരു പൊതിച്ചോറ് തുറക്കുമ്പോൾ അതിലെ കൂട്ടൊക്കെ നല്ല ഭംഗിയായി ഒരുക്കി വെച്ചിട്ട് ഒരു ഉരുള എടുത്തു ഉണ്ണുമ്പോൾ കറിക്ക് ഉദ്ദേശിച്ച സ്വാദില്ലാത്ത ഒരു ഫീലിങ് അല്ലെങ്കിൽ തൃപ്തിക്കുറവ് തോന്നാറില്ലേ.. അതാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം...' എന്നാണ് അരുണിന്റെ കുറിപ്പ് തുടങ്ങുന്നത്. സിനിമയിൽ സാങ്കേതികവിഭാഗം മാത്രമേ മികവ് പുലർത്തിയുള്ളൂ എന്നും കഥ ഒത്തുപോകാത്തത് തിരിച്ചടിയായെന്നും അരുൺ പറയുന്നു.

തിരക്കഥ അമ്പേ പരാജയപ്പെട്ടതാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് സിനിമാ പാരഡിസോ ക്ലബ്ബിൽ ഫിറാസ് അബ്ദുൽ സമദ് എഴുതുന്നു. 'പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ഗംഭീര ക്വാളിറ്റി ചിത്രത്തിന്റെ മേകിങ്ങിനും ടെക്‌നിക്കൽ സൈഡിനും ഉണ്ടായിരുന്നു എന്ന വസ്തുതക്കൊപ്പം തന്നെ പറയുന്നു, പ്രിയൻ തന്നെ കൈകാര്യം ചെയ്ത തിരക്കഥ അപ്പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് തീയേറ്ററിൽ കണ്ടത്, പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. എത്രത്തോളം പ്രേക്ഷകനെ പിടിച്ചിരുത്തി കൊണ്ടു പോകാൻ കഴിയുന്ന, പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങളുള്ള ചിത്രമായി അവതരിപ്പിക്കുക എന്നതാണ് ഒരു പിരീഡ് വാർ ഡ്രാമയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചലഞ്ച്. എന്നാൽ ഇവിടെ പ്രിയൻ എന്ന എഴുത്തുകാരൻ പൂർണമായി പരാജയപ്പെടുകയായിരുന്നു. തീർത്തും പ്രഡിക്ടബിൾ ആയ, ചടുലതയില്ലാത്ത തിരക്കഥയിലൂടെ...' മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ അതിനാടകീയ രംഗങ്ങളും സംഭാഷണങ്ങളും വല്ലാതെ ക്ഷമയെ പരീക്ഷിച്ചെന്നും യുദ്ധസീനുകളും ആക്ഷൻ കോറിയോഗ്രഫിയും പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കിയില്ലെന്നും ഫിറാസ് കുറിക്കുന്നു.

'സംവിധായകൻ തന്നെയായ എഴുത്തുകാരൻ തന്റെ ഭാവനയുടെ ചിറകുവിരിച്ച് ആകാശത്തിനുമീതെ പറന്നുപോയി കൊണ്ടുവന്ന അത്ഭുതങ്ങൾ ഒന്നും കഥയിലില്ലെ'ന്നാണ് ജിതിൻ ജേക്കബ് കളത്തറ എഴുതുന്നത്. ഇത്തരം സിനിമകളിൽ ആവർത്തിക്കപ്പെടുന്ന സ്ഥിരം ചേരുവകൾ തന്നെയാണ് മരക്കാറിലുമുള്ളതെന്നും 'ഏതാണ്ട് മാപ്പിള ഭാഷ സംസാരിക്കുന്ന ഒരു പഴശ്ശിരാജ പോലെയൊക്കെ തോന്നി' എന്നും ജിതിൻ പറയുന്നു.

സംവിധാന മികവ്, മികച്ച ഫ്രെയിം എന്നൊക്കെ പറഞ്ഞാലും ഉള്ളടക്കം നന്നായില്ലെങ്കിൽ സിനിമ വീഴുമെന്നതിന്റെ ഉദാഹരണമാണ് മരക്കാറെന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ഇമോഷണൽ സീൻ പോലും സിനിമയിൽ ഉണ്ടായിരുന്നില്ലെന്നും നാരായണൻ നമ്പു എഴുതുന്നു.

മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥയെന്ന് 'മൂവി സ്ട്രീറ്റി'ൽ അരുൺ രാജ് എഴുതുന്നു. 'പ്രിയദർശൻ പറ്റാവുന്ന രീതിയിൽ ഒരുക്കുവെച്ചിട്ടുണ്ട്. പക്ഷേ, ഉള്ളിലുള്ളത് ജീവനില്ലാത്ത തിരക്കഥയും ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത കുറെ അഭിനേതാക്കളുമായി പോയി. ഫാൻസ് ഷോയ്ക്ക് വന്നിരുന്ന് ഉറങ്ങിയ ചേട്ടന്മാരുടെ പാവന സ്മരണയ്ക്കു മുന്നിൽ ഈ റിവ്യൂ സമർപ്പിക്കുന്നു.' അരുൺ രാജിന്റെ വാക്കുകൾ.

1996-ൽ സ്‌കോട്ടിഷ് വീരനായകനായ വില്യം വാലസിനെ കേന്ദ്രകഥാപാത്രമാക്കി മെൽ ഗിബ്‌സൻ സംവിധാനം ചെയ്ത 'ബ്രേവ് ഹാർട്ട്' എന്ന ചിത്രത്തിലെ സീനുകൾ ക്ലൈമാക്‌സടക്കം കോപ്പിയടിച്ചു വെച്ചിരിക്കുകയാണ് മരക്കാർ എന്നാണ് ആനന്ദ് ബാലസുബ്രമണ്യൻ ആരോപിക്കുന്നത്. '

ഒരു പീരിയഡ് പുനഃസൃഷ്ടിക്കുന്നതിൽ മരക്കാറിന്റെ അണിയറ പ്രവർത്തകർ എടുത്ത എഫർട്ടിനെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈ പ്രതിസന്ധി കാലത്തും സിനിമയെ മാത്രം സ്‌നേഹിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകർ വെറും പൊട്ടന്മാർ ആണെന്ന് വിചാരിക്കരുത്...! ഇനി പറയാനുള്ളത് നാഷണൽ അവാർഡ് ജൂറിയോടാണ്: വല്ലപ്പോഴും ഓസ്‌കാർ വിന്നിംഗ് മൂവീസ് എങ്കിലും കാണാൻ ശ്രമിക്കുക....' എന്നാണ് ആനന്ദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Summary: "Marakkar, Arabikkadalinte Simham", Priyadarshand directed Mohan Lal movie gets generally negative reviews on social media. Although the technical department is better, the script, story, and dialogues fail to impress audience, according to various reviews.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News