'മിന്നൽ മുരളി 2 ഉറപ്പായും വലിയ സിനിമയായിരിക്കും'; വില്ലനെ സംബന്ധിച്ച് സൂചന നൽകി ബേസിൽ
നെറ്റ്ഫ്‌ലിക്‌സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നായിരുന്നു ബേസിലിന്‍റെ മറുപടി
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുകയും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത മലയാള ചലച്ചിത്രമാണ് മിന്നൽ മുരളി. ചിത്രം നിരവധി അംഗീകാരങ്ങളും വാരിക്കൂട്ടിയിരുന്നു. മിന്നൽമുരളിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ ബേസിൽ തന്നെയാണ് നേരത്തെ അറിയിച്ചത്. സൂപ്പർ ഹീറായായി ടൊവിനോ ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ വില്ലനായി ഗുരു സോമസുന്ദരം തകർത്തഭിനയിച്ചു. ഇപ്പോളിതാ ആദ്യ ഭാഗത്തേക്കാൾ വലിയ മുതൽമുടക്കുള്ള സിനിമയാകും മിന്നൽ മുരളി 2 എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസിൽ ജോസഫ്.
പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബേസിൽ ഇക്കാര്യം പരാമർശിച്ചത്. 'ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്‌കെയിൽ ബേയ്‌സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും', ബേസിൽ ജോസഫ് പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം മിന്നൽ മുരളി രണ്ടാം ഭാഗത്തിലെ വില്ലൻ കഥാപാത്രത്തെ കുറിച്ചും ബേസിൽ ചില സൂചനകൾ നൽകി. 'സ്‌ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭാഗത്തിന് വലിയ എക്‌സ്‌പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം'- ബേസിൽ കൂട്ടിച്ചേർത്തു.
ഇത്തരമൊരു പ്രമേയത്തിൽ സിനിമയെടുക്കുമ്പോൾ ഒരുപാട് ആശങ്കകളും പ്രതിസന്ധികളും ഉണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു സൂപ്പർഹീറോ ആവണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും രണ്ടാംഭാഗം ഉണ്ടാവുമെങ്കിലും അത് എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ബേസിൽ മുമ്പ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.