കുറുക്കൻമൂലയുടെ മാത്രം സൂപ്പർ ഹീറോ അല്ല മിന്നൽ മുരളി; ആഗോള ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ചിത്രം
ചിത്രം ഇന്ത്യയിൽ ടോപ്പ് 10ൽ ഒന്നാം സ്ഥാനത്ത് തുടർച്ചയായ രണ്ടാംവാരവും തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ എത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ ചിത്രം മൂന്നാം സ്ഥാനത്താണ്. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായാണ് ചിത്രം ഹിറ്റായി പ്രദർശനം തുടരുന്നത്.
ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കാലയളവിലാണ് ചിത്രം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലുല്ലി, വിക്കി ആൻഡ് ഹെർ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്. തുടർച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫളിക്‌സിന്റെ ഗ്ലോബൽ ടോപ്പ് 10ൽ മിന്നൽ മുരളി ഇടംപിടിക്കുന്നത്.
ചിത്രം ഇന്ത്യയിൽ ടോപ്പ് 10ൽ ഒന്നാം സ്ഥാനത്ത് തുടർച്ചയായ രണ്ടാംവാരവും തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ എത്തിയിരുന്നു. ഏഷ്യൻ രാജ്യങ്ങളായിരുന്നു ഇവയെല്ലാം. ഏഷ്യയിൽ കൂടാതെ ബഹ്‌റിൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റിൽ ചിത്രമുണ്ട്.
ലാറ്റിൻ അമേരിക്കയിൽ അർജൻറീന, ബഹാമാസ്, ബൊളീവിയ, ബ്രസീൽ, ചിലി, ടൊമിനിക്കൻ റിപബ്ലിക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയിൽ മിന്നൽ മുരളി ഉള്ളത്. ആഫ്രിക്കയിൽ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്.