ഒടിയന് ശേഷം മിഷൻ കൊങ്കൺ: മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും
'മിഷൻ കൊങ്കൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നും. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക
ഒടിയൻ എന്ന ചിത്രത്തിനു ശേഷം വീണ്ടും മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും ഒന്നിക്കുന്നു. 'മിഷൻ കൊങ്കൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നും. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക. കേരള പ്രൊഡ്യൂസേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്ത് വിട്ടിരിക്കുന്നത്.
ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങൾ വെളിപ്പെടുത്താൻ അണിയറക്കാർ തയാറായിട്ടില്ല. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിക്കുന്നത്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്.
2018–ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ റിലീസിന് തയ്യാറെടുത്ത ചിത്രങ്ങള്‍. ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്.