മികച്ച നടൻ അല്ലു അർജുൻ; മികച്ച നടി ആലിയാ ഭട്ടും കൃതി സാനോണും; ദേശീയ അവാർഡ് പ്രഖ്യാപിച്ചു
തെലുങ്കിൽ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അർജുൻ
69ാം ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തെലുങ്ക് നടൻ അല്ലു അർജുൻ മികച്ച നടൻ. 'പുഷ്പ' സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. നേട്ടത്തിലൂടെ തെലുങ്കിൽ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അർജുൻ മാറി. അതേസമയം, ആലിയാ ഭട്ടും കൃതി സാനോണും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഗംഗൂഭായി കത്തിയാവാടിയിലെ പ്രകടനത്തിന് ആലിയക്കും മിമിയിലെ പ്രകടനത്തിന് കൃതിക്കും ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു. കശ്മീരി ഫയൽസിൽ അഭിനയിച്ച നടി പല്ലവി ജോഷി സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. പങ്കജ് തൃപാദി (മിമി) മികച്ച സഹനടൻ. ഭവിൻ റബാരിയാണ് മികച്ച ബാല താരം.
നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തിയിൽ തയാറാക്കിയ ഗോദാവരിയാണ് (ദി ഹോളി വാട്ടർ) ആണ് അദ്ദേഹത്തിന്റെ ചിത്രം. ആർ. മാധവൻ സംവിധാനം ചെയ്ത 'റോക്കറ്ററി; ദി നമ്പി ഇഫക്ട്' ആണ് മികച്ച ഫീച്ചർ ചിത്രം. ആർ.ആർ.ആറാണ് ജനപ്രിയ ചിത്രം. എസ്എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തത്. ദേശീയോദ്ഗ്രഥന സിനിമയായി കശ്മീരി ഫിലിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി & കമ്പനിയാണ് മികച്ച കുട്ടികളുടെ സിനിമ. ആർആർആറിലെ ഗാനത്തിന് കാല ഭൈരവ മികച്ച ഗായകനായി. 'ഇരവിൻ നിഴൽ' സിനിമയിലൂടെ ശ്രേയ ഘോഷാൽ മികച്ച ഗായികയായി. മികച്ച സംഗീത സംവിധായകനായി ദേവി ശ്രീ പ്രസാദ് (പുഷ്പ) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നോൺ ഫീച്ചർ സിനിമയായി ഏക് താ ഗാവ് (ഗർവാലി - ഇംഗ്ലീഷ്) തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ 'സ്‌മൈൽ പ്ലീസി'നാണ് മികച്ച സംവിധാന അവാർഡ്. ഈ ഹിന്ദി ചിത്രം ബാകുൽ മതിയാനിയാണ് സംവിധാനം ചെയ്തത്. മികച്ച നോൺ ഫിക്ഷൻ ഷോർട്ട് ഫിലിം പുരസ്‌കാരത്തിന് ദാൽ ഭട്ട് (ഗുജറാത്തി) തിരഞ്ഞെടുക്കപ്പെട്ടു.
അവാർഡിനായി 28 ഭാഷകളിലായി 280 ഫീച്ചർ സിനിമകളും 23 ഭാഷകളിലായി 23 നോൺ ഫീച്ചർ സിനിമകളുമാണ് പരിഗണിക്കപ്പട്ടതെന്ന് ഐആൻഡിബി അഡീഷണൽ സെക്രട്ടറി നീരജ് ശേഖർ അറിയിച്ചു. സംവിധായകൻ കേതൻ മേഹ്തയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ആർആർആറിന് മറ്റു ചില അവാർഡുകളും ലഭിച്ചു. സംഘട്ടന സംവിധാനം, സ്‌പെഷ്യൽ ഇഫക്ട്, നൃത്തസംവിധാനം എന്നിവയാണ് ചിത്രം നേടിയത്. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒർജിനൽ സോംഗിനുള്ള ഓസ്‌കാർ നേടിയിരുന്നു. ഗംഗൂഭായി കത്തിയാവാടിയിലൂടെ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം സഞ്ജയ് ലീല ബൻസാലി നേടി. ഷേർഷ പ്രത്യേക ജൂറി പരാമർശം നേടി.
മലയാളത്തിനുള്ള ദേശീയ അവാർഡുകൾ
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ഹോം ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച മലയാളം ചിത്രവും ഹോം ആണ്. റോജിൻ പി തോമസാണ് സംവിധാനം ചെയ്തത്.
മികച്ച തിരക്കഥ പുരസ്‌കാരം ഷാഹി കബീറി( നായാട്ട്)ന് ലഭിച്ചു. അതേസമയം 'മേപ്പടിയാൻ തയാറാക്കിയ വിഷ്ണു മോഹനാണ് മികച്ച നവാഗത സംവിധായകൻ. ശബ്ദ മിശ്രണ പുരസ്‌കാരം അരുൺ അശോക്, സോനു കെ.പി (ചവിട്ട്) എന്നിവർ നേടി. അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' ആണ് മികച്ച ആനിമേഷൻ സിനിമ.
Best Actor Allu Arjun; Best Actress Alia Bhatt and Kriti Sanon; National award announced