'മരക്കാറിന്‍റെ മുഖത്ത് കൊടിയടയാളമായ ആന, ഗണപതിയല്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ

30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. ചരിത്രത്തിന്റെ തനിപ്പകർപ്പല്ലെന്നും പ്രിയദർശൻ പറയുന്നു

Update: 2021-11-28 04:46 GMT
Advertising

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിലേക്കെത്തുന്ന ചിത്രം വന്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളാണ് എങ്ങും. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒപ്പം ചില വിമര്‍ശനങ്ങളും. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയ ലേഖനത്തിലാണ് പ്രിയദര്‍ശന്‍ വിമര്‍ശകരുടെ സംശയങ്ങളും ആരോപണങ്ങളും ദുരീകരിക്കുന്നത്. 

സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെക്കുറിച്ചുള്ള വിമർശനമായിരുന്നു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ചത് 17ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16ാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാൻ പറ്റും എന്നായിരുന്നു ചോദ്യം. എന്നാല്‍, ഗലീലിയോ 17ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണെന്നും അതിനു മുമ്പേ 13ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നും പ്രിയദര്‍ശന്‍ പറയുന്നു. മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണെന്നാണ് സംവിധായകന്‍റെ മറുപടി. 

30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. ഇത് ചരിത്രത്തിന്റെ തനിപകർപ്പല്ല; മറിച്ച് ഒരു മുത്തശ്ശിക്കഥപോലെ മരക്കാർ എന്ന വീരനായകനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. വ്യക്തവും പൂർണവുമായി എഴുതപ്പെട്ട ചരിത്രമില്ലാത്തതിനാൽ എഴുത്തുകാരന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യം ഈ സിനിമയിൽ ആവോളമുണ്ട്- പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.  

'സിനിമ കണ്ടിറങ്ങുന്ന സാധാരണക്കാരന്റെ മനസ്സിൽ കുഞ്ഞാലിമരക്കാർ എന്ന വീരപുരുഷനെ പ്രതിഷ്ഠിക്കാൻ സാധിക്കണം. അവനവൻ ജനിച്ചുവളർന്ന മണ്ണാണ് അവനവന്റെ അമ്മ എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. ആ സന്ദേശവും വൈകാരികതയും മരക്കാർ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അനുഭവിക്കാൻ സാധിക്കും എന്നാണെന്റെ വിശ്വാസം. ഇങ്ങനെയല്ലാതെ ഇതെടുത്താൽ മരക്കാർ ഒരു ഡോക്യുമെന്ററി മാത്രമായി മാറും,' സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

Priyadarshan responds to criticism Over Marakkar: Arabikadalinte Simham Movie 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News