മൂന്ന് വർഷങ്ങൾക്ക് ശേഷം 'റാം' തുടങ്ങുകയാണ്, നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും വേണം: ജീത്തു ജോസഫ്
പ്രധാനമായും ലണ്ടൻ, പാരിസ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് പ്രഖ്യാപിച്ച പുതിയ ചിത്രമാണ് റാം. മൂന്ന് വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനഃരാരംഭിക്കുകയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ ക്യാൻവാസിൽ ചിത്രീകരണം വേണ്ടിവരുന്ന 'റാം' കോവിഡിനെ തുടർന്നാണ് നിർത്തിവെച്ചത്. അതേസമയം ട്വൽത്ത് മാൻ എന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അവസാനം ചെയ്തത്.
പ്രധാനമായും ലണ്ടൻ, പാരിസ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യൻ നായിക തൃഷയാണ് 'റാമിൽ' നായികയായി എത്തുന്നത്. ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവിൽ ഒന്നിച്ച 'ട്വൽത്ത് മാൻ' വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വൽത്ത് മാൻ' സംവിധാനം ചെയ്തത്. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായിരുന്നു 'ട്വൽത്ത് മാൻ'. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാർ, ശിവദ നായർ, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ.
മോഹൻലാൽ സംവിധായകന്റെ കുപ്പായമണിഞ്ഞെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്. മോഹൻലാൽ സംവിധായകനായെത്തുന്നു എന്ന വാർത്ത വന്നതിനു പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ബറോസിന്റെ ചിത്രീകരണം അവസാനിച്ചതായി താരം തന്നെയാണ് അറിയിച്ചത്. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതോടൊപ്പം ടീം ബറോസിനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിരുന്നു.