ബീസ്റ്റ് ഇഷ്ടമായില്ല; 'തലൈവർ 169' നെൽസൺ സംവിധാനം ചെയ്യേണ്ടെന്ന് രജനി?

'തലൈവർ 169' ഫെബ്രുവരി 22 നാണ് പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിർമ്മാതാക്കൾ അറിയിച്ചിരുന്നു

Update: 2022-04-19 15:10 GMT
Editor : abs | By : Web Desk
Advertising

വിജയ് നായകനായി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബീസ്റ്റ്'. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് നായകനാവും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ, നെൽസൺ സംവിധാനത്തിൽ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചതായാണ് കോളിവുഡിൽ നിന്നുള്ള വാർത്തകൾ.

രജനികാന്തിൻറെ കരിയറിലെ 169-ാം ചിത്രമായ തലൈവർ 169 ഫെബ്രുവരി 22 നാണ് പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാൽ സംവിധായകനെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.  എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രജനി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ - രജനി ചിത്രം

'അണ്ണാത്തെ'യാണ് രജനിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം എന്നാൽ ഈ സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. ഈ സാഹചര്യത്തിൽ സൂപ്പർസ്റ്റാറിനെ സംബന്ധിച്ചും ഒരു തിരിച്ചുവരവ് അനിവാര്യമാണ്, ഇത് തലൈവർ 169ലൂടെ രജനികാന്ത് നടത്തുമെന്നാണ് ആരാധാകരും പ്രതിക്ഷിക്കുന്നത്.

അതേസമയം ബീസ്റ്റിനെ രൂക്ഷമായി വിമർശിച്ച് വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻറെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പർതാരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖർ പ്രതികരിച്ചു. തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമർശിച്ചത്. 'ബോക്‌സ് ഓഫീസിൽ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിൻറെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല', എസ് എ ചന്ദ്രശേഖർ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News