ഡിസംബർ 22നായി കാത്തിരിക്കുന്നവരേ... സലാറിന്റെ പുതിയ അപ്‌ഡേറ്റ് ഇതാ
കളക്ഷന്‍ റെക്കോർഡുകള്‍ പലതും പ്രഭാസ് ചിത്രം തിരുത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിനായി ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുകയാണ്. ഡിസംബർ 22 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ വിവിധ ഭാഷകളിലിറങ്ങിയ ട്രൈലറിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ സലാറിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ നാളെ പുറത്തുവിടും. സൂര്യാംഗം എന്ന പേരിലായിരിക്കും മലയാളത്തിൽ ചിത്രത്തിലെ ഗാനമായി പുറത്തുവിടുക.
സലാറിന്‍റെ റിലീസ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കളക്ഷന്‍ റെക്കോർഡുകള്‍ പലതും പ്രഭാസ് ചിത്രം തിരുത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ചിത്രത്തിൽ വർദ്ധരാജ് മാന്നാർ എന്ന പ്രധാന കഥാപാത്രമായി പൃഥ്വി എത്തുന്നുണ്ട്.
ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിനു ആനന്ത്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, ഗരുഡ റാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍. ഡിസംബർ 22ന് 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
15 വര്‍ഷം മുമ്പാണ് സലാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയെന്ന ആശയം തന്റെ മനസില്‍ വരുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞു. എന്നാല്‍, എന്റെ ആദ്യ ചിത്രമായ ഉഗ്രത്തിന് ശേഷം ഞാന്‍ കെജിഎഫിന്റെ തിരക്കിലായി. അത് പൂര്‍ത്തിയാക്കാന്‍ എട്ട് വര്‍ഷമെടുത്തു. അതായത്, കെജിഎഫ് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്ത് തുടങ്ങി, അതിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോഴേക്കും 8 വര്‍ഷം കടന്നുപോകുകയും ചെയ്തു ചെയ്തുവെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ചിത്രത്തിന്റെ ഭൂരിഭാഗവും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. പിന്നെ ഞങ്ങള്‍ ചിത്രീകരിച്ച സിംഗനേരി മൈന്‍ ഹൈദരാബാദില്‍ നിന്നും 5 മണിക്കൂര്‍ അപ്പുറമാണ്. അത് കൂടാതെ ഞങ്ങള്‍ സൗത്ത് പോര്‍ട്‌സ്, മംഗളൂര്‍ പോര്‍ട്ട്, വൈസാഗ് പോര്‍ട്ട് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. അതിന് പുറമേ ചെറിയൊരു ഭാഗം യൂറോപ്പിലും ഷൂട്ട് ചെയ്യുകയുണ്ടായി. സലാറിന്റെ ഷൂട്ടിങ് 114-ഓളം ദിവസങ്ങള്‍ നീണ്ടുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.