7 ജി റെയിൻബോ കോളനിക്ക് രണ്ടാം ഭാഗമൊരുക്കാൻ സെൽവരാഘവൻ; തിരിച്ചുവരവിനൊരുങ്ങി രവി കൃഷ്ണ
ആദ്യ ഭാഗത്തിൽ നായകനായ രവികൃഷ്ണ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനാവുന്നത്
ചെന്നെെ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സിനിമകളിൽ ഒന്നാണ് 7 ജി റെയിൻബോ കോളനി. രവി കൃഷ്ണയും സോണിയ അഗർവാളും പ്രധാനവേഷത്തിൽ എത്തിയ ചിത്രം ബോക്സോഫീസിലും മികച്ച വിജയമായിരുന്നു.
ഇപ്പോളിതാ സിനിമയുടെ രണ്ടാംഭാഗത്തിന് ഒരുങ്ങുകയാണ് സംവിധായകൻ സെൽവരാഘവൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യ ഭാഗത്തിൽ നായകനായ രവികൃഷ്ണ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനാവുന്നത്. ആദ്യ ഭാഗത്തിലെ നായികയായ സോണിയ അഗർവാൾ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ മരണമടഞ്ഞതിനാൽ പുതിയ നായികയായിരിക്കും രണ്ടാം ഭാഗത്തിൽ ഉണ്ടാവുക.
2004 ലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2011 ൽ റിലീസ് ചെയ്ത ആരണ്യകാണ്ഡത്തിലാണ് രവി കൃഷ്ണയെ വെള്ളിത്തിരയിൽ അവസാനമായി കണ്ടത്.
ഒരിടവേളക്ക് ശേഷം രവികൃഷ്ണയുടെ തിരിച്ചുവരവ് കൂടിയായിരിക്കും 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗം.
ചിത്രത്തിന്റെ തിരക്കഥയുടെ അവസാനഘട്ടത്തിലാണ് സെൽവരാഘവൻ. 'നാനേ വരുവേൻ, എന്ന ചിത്രമാണ് സെൽവരാഘവൻ സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.