സെറ്റിൽ പെരുമാറ്റച്ചട്ടം; ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ച് സെന്ന ഹെഗ്‌ഡെ ചിത്രം

ചിത്രീകരണ സെറ്റിൽ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീർത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ നാലംഗ സമിതി നടപടി സ്വീകരിക്കും

Update: 2022-02-08 09:13 GMT
Advertising

ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ച് സെന്ന ഹെഗ്ഡെ ചിത്രം '1744 വെറ്റ് ആള്‍ട്ടോ'. കാഞ്ഞങ്ങാട്ട് ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം നടപ്പാക്കിയത്.

എക്‌സിക്യുട്ടീവ് നിര്‍മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായ സമിതിയില്‍ നിര്‍മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരാണ് മറ്റ് അംഗങ്ങള്‍. കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്‍ക്കിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ നാലംഗ സമിതി നടപടി സ്വീകരിക്കും. 

2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റ് പ്രകാരം പത്ത് പേരില്‍ കൂടുതല്‍ ഒരു ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് സെല്‍ രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകള്‍ പോലും ഇത്തരമൊരു നിയമം നടപ്പക്കാന്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കൂടാതെ, ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കബനി ഫിലിംസിന്‍റെ പുതിയ നീക്കം.  

ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് '1744 വെറ്റ് ആള്‍ട്ടോ'. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News