'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം'; പുതിയ പോസ്റ്ററുമായി 'ഒറ്റക്കൊമ്പൻ' ടീം
ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു
ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് സുരേഷ് ഗോപി നായകനായി എത്തുന്ന 'ഒറ്റക്കൊമ്പന്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. 'ഇനി ഉയര്‍ത്തെഴുന്നേല്പിന്റെ കാലം' എന്ന ടാഗ് ലൈനോടെ പകുതി മറച്ച രീതിയില്‍ സുരേഷ് ഗോപിയുടെ മുഖമാണ് പോസ്റ്ററില്‍.
ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ചിത്രത്തില്‍ മുകേഷ്, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
അതേസമയം, തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്‍തുകൊണ്ട് ഒറ്റക്കൊമ്പന്‍റെ അണിയറക്കാര്‍ കൊടുത്ത ഹരജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഒറ്റക്കൊമ്പനെതിരെ ഫയൽ ചെയ്ത കേസിൽ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികൾ വേഗത്തിലാക്കുവാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.
'കടുവ' എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന് സിനിമയുടെ നിർമ്മാണ ജോലികൾക്ക് ജില്ലാ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിധിയെ 2021 ഏപ്രിലിൽ ഹൈക്കോടതി ശരിവെച്ചിരുന്നു.