വെച്ചോ റാപ് മ്യൂസികിലെ ആ പെണ്‍കുട്ടി; വാരിയംകുന്നന്റെ പേരക്കുട്ടി

ഗൗരവത്തോടെ ക്യാമറയെ നോക്കുന്ന ആ പെൺകുട്ടി റാപ്പിലെ വെറുമൊരു അഭിനേതാവല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും പെരുമയും പേറുന്ന പേരക്കുട്ടി, പേര് റിസ്‌വാന

Update: 2022-09-04 15:58 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: പിറന്ന നാടിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥ പറഞ്ഞ 'വെച്ചോ ഫൂട്ട്' റാപ് മ്യൂസിക് കണ്ടവരുടെയെല്ലാം കണ്ണിലുടക്കിയ മുഖമാകും പർദയിട്ട് മുഖം പുറംതിരിഞ്ഞ് നില്‍ക്കുന്നൊരു പെൺകുട്ടി. ഗൗരവത്തോടെ ക്യാമറയെ നോക്കുന്ന ആ പെൺകുട്ടി റാപ്പിലെ വെറുമൊരു അഭിനേതാവല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും പെരുമയും പേറുന്ന പേരക്കുട്ടി, പേര് റിസ്‌വാന.  

പറങ്കിപ്പട മലബാറിൽ കപ്പലിറങ്ങിയതും അതിനു ശേഷം വൈദേശികാധിപത്യത്തിനെതിരെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടവുമാണ് വെച്ചോ ഫൂട്ട് റാപ് മ്യൂസികിന്റെ ഇതിവൃത്തം. അത്തരമൊരു കഥ പറയുമ്പോള്‍ വാരിയംകുന്നന്റെ പിന്‍മുറക്കാര്‍ തന്നെ റാപ് മ്യൂസികിന്റെ ഭാഗവുമായി. വാരിയംകുന്നന്റെ മൂന്നാംതലമുറയിൽപെട്ടവരാണ് റിസ്‌വാനയുടെ കുടുംബം. വാരിയംകുന്നന്റെ പോരാട്ടവീര്യം ഒട്ടുംചോരാതെ ഒഴുകുന്നു അവരുടെ സിരകളിലിപ്പോഴും. അതാണ് റിസ്‌വാനയിലൂടെ കണ്ടതും.

ആദ്യമായിട്ടാണ് റിസ്‌വാന ക്യാമറക്ക് മുന്നിലെത്തുന്നത്. അതിന്റെ അങ്കലാപ്പുകളൊന്നുമുണ്ടായിരുന്നില്ല. വാരിയംകുന്നന്റെ പോരാട്ടവീര്യം പറയുന്ന കഥ എങ്ങനെ റാപ് മ്യൂസിക്കാകുന്നു എന്നറിയാനുള്ള ആകാംക്ഷ മാത്രമെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നുള്ളൂ എന്ന് റിസ്‌വാനയുടെ അമ്മായിഅമ്മ ഹാജറ പറയുന്നു. ഹാജറുടെ മകൻ നാസറിന്റെ ഭാര്യയാണ് റിസ്‌വാന. ഏതാനും സെക്കൻഡുകൾ മാത്രമാണ് റാപ് മ്യൂസികിൽ റിസ്‌വാന പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒരു തുടക്കക്കാരന് ഇതിലും ഗംഭീരമാക്കാനാകില്ല. അത്രയ്ക്കും മികച്ചതായിരുന്നു റിസ്‌വാനയുടെ ആ ഭാഗം.

പീരങ്കിപ്പടക്ക് നേരെ ചാരത്ത് പോരാടി ധീരൻ എന്ന വരിയുടെ പിന്നാലെയാണ് റിസ്‌വാന പ്രത്യക്ഷപ്പെടുന്നത്. വരികളിലെഴുതിയ പോലെ പോരാട്ടവും വീര്യവും എല്ലാം റിസ്‌വാനയുടെ മുഖത്ത് പ്രകടമായിരുന്നു. പ്ലസ് ടുവാണ് റിസ്‌വാനയുടെ യോഗ്യത. കോയമ്പത്തൂർ കുനിയമുത്തൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ് ടു പൂർത്തിയാക്കിയത്. ഇപ്പോൾ കുടുംബവുമൊത്ത് കോയമ്പത്തൂരിൽ കഴിയുന്നു.  

അതേസമയം മ്യൂസിക് ഇതിനകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു. കിരീടമില്ലാ സുൽത്താന്മാർ നാം, അടിമ ഉടമ ഇടങ്ങൾക്കിടമില്ല, ചെങ്കോലു വേണ്ട ചങ്കുറപ്പുണ്ടേ... ചെറുത്തുനിൽപ്പെന്റെ ചോരേലുണ്ടേ' എന്നു പറഞ്ഞാണ് റാപ് ആരംഭിക്കുന്നത്. മരക്കാന്മാരും തച്ചോളി ഒതേനനും മോയിൻകുട്ടി വൈദ്യരും പടപ്പാട്ടും തുഹ്ഫത്തുൽ മുജാഹിദീനും സാമൂതിരിയും മഖ്ദൂമും പശ്ചാത്തലത്തിൽ വന്നു പോകുന്നു. സിക്കന്ദറാണ് ആൽബത്തിന്റെ നിർമാണം. ഹാരിസ് സലീം, ദബ്സീ, ലക്ഷ്മി മരിക്കാർ, പരിമൾ ഷായിസ് എന്നിവർ അഭിനേതാക്കളായി എത്തുന്നു. അനീസ് നാടോടി, നിസാം കാദിരി, ഫയാസ്, ദബ്സി, ഹാരിസ് സലീം, ഫാസിൽ എൻ.സി, കണ്ണൻ പട്ടേരി എന്നിവർ പിന്നണിയിലും അണിനിരക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News