'നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡിൽ പ്രതികരണവുമായി സോനു സൂദ്
തന്റെ നിരപരാധിത്വം കാലം തെളിയിക്കും, എന്റെ ഫൗണ്ടേഷനിലെ ഓരോ പൈസയും വിലയേറിയ ജീവൻ രക്ഷിക്കാനും ആവശ്യക്കാരിലേക്ക് എത്താനുള്ളതുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ആദ്യ പ്രതികരണവുമായി ബോളിവുഡ് നടൻ സോനു സൂദ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കും, എന്റെ ഫൗണ്ടേഷനിലെ ഓരോ പൈസയും വിലയേറിയ ജീവൻ രക്ഷിക്കാനും ആവശ്യക്കാരിലേക്ക് എത്താനുള്ളതുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ നാലു ദിവസമായി അതിഥികളെ വരവേൽക്കുന്നതിൽ (ആദായ നികുതി വകുപ്പ്) തിരക്കിലായിരുന്നുവെന്നും നടന്‍ പറയുന്നു. സോനു സൂദ് 20 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി (ഐടി) വകുപ്പിന്റെ കണ്ടെത്തല്‍. വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറയുന്നു.
സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അതേസമയം സോനുവിന്റെ ട്വീറ്റിനെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ശക്തനായെന്നും ദശലക്ഷം ഇന്ത്യക്കാർക്ക് താങ്കൾ ഹീറോയാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രതികരണം.