ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും, 'പൃഥ്വിരാജ്' സംസ്‌കാരത്തിന്റ മഹത്വം പ്രതിഫലിപ്പിക്കുന്ന ചിത്രം: അമിത് ഷാ

'സാമ്രാട്ട് പൃഥ്വിരാജി'ന്റെ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക സ്‌ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-06-02 13:09 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ആയിരം വർഷത്തെ പോരാട്ടം വെറുതെയായില്ല, 2014 തൊട്ട് ഇന്ത്യയിൽ ഒരു സാംസ്‌കാരിക ഉണർവ് ആരംഭിച്ചിട്ടുണ്ട്. അത് ഇന്ത്യയെ വീണ്ടും ഉയരങ്ങളിലേക്കെത്തിക്കുമെന്ന് അമിത് ഷാ. നിരവധി പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ട് ഇന്ത്യയുടെ മഹത്വവും സംസ്‌കാരവും പഴയ പ്രതാപത്തിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അക്ഷയ്കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക സ്‌ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തെ പ്രശംസിച്ചും ആഭ്യന്തര മന്ത്രി രംഗത്തെത്തി. പൃഥ്വിരാജ് മികച്ച സിനിമ, സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഈ സിനിമ നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ സമാനതകളില്ലാത്ത പോരാളിയുടെ കഥ മാത്രമല്ലെന്നും അത് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.  അദ്ദേഹം പറഞ്ഞു. സാമ്രാട്ട് പൃഥ്വിരാജിന്റെ മുഴുവൻ ടീമിനെയും പ്രത്യേകിച്ച് ക്രിയേറ്റീവ് ആർട്ട് ഡയറക്ഷൻ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 'പൃഥ്വിരാജി'ന് ഒമാനിലും കുവൈത്തിലും വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈത്ത്, ഒമാൻ സർക്കാരുകളാണ് ചിത്രം നിരോധിച്ചതെന്നും ഇരുരാജ്യങ്ങളിലും ചിത്രത്തിന്റെ റിലീസുണ്ടാകില്ലെന്നും ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു നിരോധനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.

യോദ്ധാ രാജാവായ പൃഥ്വിരാജ് ചൗഹാൻ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മിസ് വേൾഡായ മാനുഷി ഛില്ലറിൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വരാണാസിയിലെ ഗംഗാതീരത്തെത്തിയ അക്ഷയ് കുമാർ ആരതി ഉഴിയുകയും ഗംഗയിൽ മുങ്ങുകയും ചെയ്തു. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേൾഡ് മാനുഷി ചില്ലറും മറ്റ് അണിയറപ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News