മാർക്കോ നാളെ മുതൽ തീയേറ്ററുകളിലേക്ക്; നിർമാതാവ് ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ നിർമാതാവായ ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോദനകരമാണെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കൊണ്ടാണ് മാർക്കോ ഇമികച്ച സിനിമയായി മാറിയതെന്നും ഉണ്ണി കുറിച്ചു.
‘‘ഈ യാത്രയിലുടനീളം നിങ്ങളുടെ അസാധാരണമായ അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. നിങ്ങളുടെ ആദ്യ സംരംഭമായി മാർക്കോയ്ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, നിങ്ങൾ ശരിക്കും ഉയർന്ന നിലവാരം പുലർത്തി. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയത്’’ - ഉണ്ണി പറഞ്ഞു.
‘‘മാർക്കോ നാളെ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തുമ്പോൾ, ഇത് നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള വിജയകരമായ നിരവധി സഹകരണങ്ങളുടെയും തുടക്കം മാത്രമാണ്. പ്രിയ ഷെരീഫ്, മാന്ത്രിക ലോകത്തേക്ക് സ്വാഗതം. സഹോദരാ, നിങ്ങൾക്ക് എന്തിനും എന്നെ ആശ്രയിക്കാം’’ - ഉണ്ണി കൂട്ടിച്ചേർത്തു.
മാർക്കോയുടെ ടീസറും പ്രൊമോഷൻ ഗാനങ്ങളും നൽകിയ സൂചന ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന ‘എ സർട്ടിഫിക്കറ്റ്’ ആണ് സെൻസർബോർഡ് 'മാർക്കോ'യ്ക്ക് നൽകിയത്. നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ് ചിത്രമായിരിക്കും 'മാർക്കോ'യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായ ‘എ സർട്ടിഫിക്കറ്റ്’ ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
മാർക്കോ'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. കേരള സ്പീക്കർ എ.എൻ ഷംസീർ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിങ്ങിന് തുടക്കമിട്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെയാണ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് സിനിമ തീയേറ്ററിലെത്തിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.