'വന്ദന'ത്തിലെ ഗാഥ തിരിച്ചുവരുന്നു; ഗിരിജ ഷെട്ടാർ സ്‌ക്രീനിലെത്തുന്നത് 34 വർഷത്തിന് ശേഷം
മണിരത്‌നത്തിൻറെ 'ഗീതാഞ്ജലി'യിൽ അഭിനയിച്ചാണ് താരം സിനിമ യിലെത്തുന്നത്
''എങ്കിലേ.. എന്നോട് പറ ഐലവ് യൂ ന്ന്..'' മോഹൻലാൽ സിനിമ 'വന്ദന'ത്തിലെ ഈ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. സിനിമയിലെ ഗാഥ എന്ന കഥാപാത്രമായി എത്തിയ ഗിരിജ ഷെട്ടാർ എന്ന നടിയെ മലയാളി ഇടക്കിടെ തിരയുകയും ചെയ്യും. വന്ദനത്തിലും ഗീതാഞ്ജലിയിലും വൻ ആരാധകവൃന്ദം സൃഷ്ടിച്ച ഗിരിജ അഭിനയലോകത്ത് നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ഗിരിജ ഷെട്ടാർ സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.
രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിർമിക്കുന്ന 'ഇബ്ബനി തബ്ബിട എന്ന ചിത്രത്തിലൂടെയായിരിക്കും ഗിരിജ തിരിച്ചെത്തുന്നത്. അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധായകൻ. രക്ഷിത് ഷെട്ടിയുടെ റൈറ്റിങ് ടീമിന്റെ അസോസിയേറ്റായി ചന്ദ്രജിത് പ്രവർത്തിച്ചിട്ടുണ്ട്. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇംഗ്ലണ്ടിലാണ് ഗിരിജ ഷെട്ടാർ ജനിച്ചത്. പിതാവ് കർണ്ണാടകത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ ഡോക്ടറാണ്. അമ്മ ബ്രിട്ടീഷ് വശജയും. മണിരത്‌നത്തിൻറെ ഗീതാഞ്ജലിയിൽ അഭിനയിച്ചാണ് താരം സിനിമ യിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഉൾപ്പെടെ ആറ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.