"മകന് വേണ്ടി അൽഫോൻസ് ഒരു കഥ പറഞ്ഞു.. ആ കഥ അവനിഷ്ടമാകണേ എന്ന് ഞാൻ ആഗ്രഹിച്ചു"-വിജയ്
അച്ഛനെ പോലെ മകൻ സഞ്ജയ് എപ്പോൾ സിനിമയിലെത്തുമെന്ന സംവിധായകൻ ദിലീപ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം
മലയാളി സംവിധായകൻ അൽഫോൻസ് പുത്രൻ തന്‍റെ മകനെ വച്ച് സിനിമ ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് തമിഴ് സൂപ്പർ താരം വിജയ്. ബീസ്റ്റ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൺ ടി.വിക്ക് അനുവദിച്ചു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. അച്ഛനെ പോലെ മകൻ സഞ്ജയ് എപ്പോൾ സിനിമയിലെത്തുമെന്ന സംവിധായകൻ ദിലീപ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
"നിരവധി സംവിധായകർ സഞ്ജയെ വച്ച് സിനിമ ചെയ്യണമെന്ന ആലോചനകളുമായി എന്‍റെ അടുക്കൽ വന്നിട്ടുണ്ട്. ആരു വന്നാലും അവര്‍ മുന്നോട്ട് വച്ച കഥയുമായി ഞാൻ അവന്‍റെ അടുക്കൽ ചെല്ലും. അപ്പോഴൊക്കെ അവൻ ഒഴിഞ്ഞു മാറലാണ് പതിവ്. രണ്ട് വർഷത്തേക്ക് അവനെ സ്വതന്ത്രമായി വിടണമെന്നാണ് അവൻ പറയുന്നത്. മലയാളി സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു കഥയുമായി എന്‍റെ അടുക്കൽ വന്നിരുന്നു. ആ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി. ആ കഥ സിനിമയാകണമെന്നും അതിൽ മകന് അഭിനയിക്കാൻ കഴിയണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നാൽ അടുത്തൊന്നും സിനിമയിൽ അഭിനയിക്കാൻ ഇല്ലെന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയാണ് അവന്‍"-വിജയ് പറഞ്ഞു.
ചില സിനിമകളിൽ ബാല താരമായി മാത്രമേ സഞ്ജയ് ഇതുവരെ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. വിദേശത്ത് ഫിലിം സ്റ്റഡീസ് വിദ്യാർഥിയായിരുന്നു സഞ്ജയ്.