സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ; ഞെട്ടിക്കുന്ന പ്രകടനം
അപ്പു പിള്ളയെന്ന മിസ്റ്ററി മനുഷ്യനായി കിഷ്കിന്ധാ കാണ്ഡത്തിൽ വിജയരാഘവൻ
അപ്പു പിള്ളയുടെയും മകൻ ജയചന്ദ്രന്‍റെയും കഥ പറഞ്ഞ കിഷ്കിന്ധാകാണ്ഡത്തില്‍ മികവാർന്ന അഭിനയത്തിന് നടൻ വിജയരാഘവന് കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തഴക്കം വന്ന നടന്‍റെ പ്രതിഭ അപ്പു പിള്ള എന്ന കഥാപാത്രത്തിൽ കാണാമെന്നും, സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ ഞെട്ടിച്ചു കളഞ്ഞെന്നുമാണ് സിനിമാ പ്രേമികൾ പറയുന്നത്.
ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ ഇതുപോലുള്ള ഒരൊറ്റ സിനിമ മതിയെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആസിഫ് അലിയെയും വിജയരാഘവനെയും അപർണ ബാലമുരളിയെയും പ്രശംസിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എടുത്തു പറയുന്നത് വിജയരാഘവന്‍റെ പ്രകടനത്തെപ്പറ്റിയാണ്.
'ഒരു സിനിമയുടെ വിജയത്തിൽ ഒരു പ്രധാന ഘടകം അതിൽ അഭിനയിച്ച താരങ്ങളുടെ പ്രകടനം ആവും. കിഷ്കിന്ധാകാണ്ഡത്തെയും ഗണത്തില്‍പ്പെടുത്താം. ചിത്രത്തില്‍ സമാനനതകളില്ലാത്തെ പ്രകടനാണ് വിജയരാഘവന്‍റേത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തഴക്കം വന്ന നടന്‍റെ പ്രതിഭ അപ്പു പിള്ള എന്ന കഥാപാത്രത്തിൽ കാണാം. സൂക്ഷ്മതയോടെ അച്ചടക്കത്തോടെ കൈകാര്യം ചെയ്യേണ്ട കഥാപാത്രം വിജയരാഘവൻ എന്ന നടൻ വേറെ ലെവലിൽ ചെയ്ത് വെച്ചിട്ടുണ്ട്. പൂക്കാലത്തിന് ശേഷം വീണ്ടും സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ കഥാപാത്രം'- ശ്രീജിത്ത് സോമൻ കുറിച്ചു. 'വിജയരാഘവൻ എന്ത് കിടിലൻ നടനാണ്, ഗംഭീരമായി ഇതിൽ പെർഫോമൻസ് ചെയ്തിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് അദ്ദേഹം. ഒരു രക്ഷയില്ലാത്ത പ്രകടനം'- എംഎ ഷഹബാസ് അഭിപ്രായപ്പെടുന്നു.
എൻ. എൻ പിള്ളയുടെ മകനാണ്, കർക്കശക്കാരനും സ്ത്രീ വിരോധിയുമായ അഞ്ഞൂറാനായി അഭിനയിച്ചു തകർക്കാനും, കാലാതീതമായ കഥാപാത്രമായത് നിലനിർത്താനും എൻ എൻ പിള്ളക്കായെങ്കിൽ ആദ്ദേഹത്തിന്റ മകനാണോ അഭിനയത്തിൽ അത്ഭുതം തീർക്കുവാനിത്ര പ്രയാസമുള്ളത്? അതേ വിജയരാഘവൻ ഞെട്ടിച്ചു എന്ന് പറയുകയാണ് അനു ചന്ദ്ര.
'കിഷ്‌കിന്ധാകാണ്ഡം കണ്ടു കഴിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു. നെഞ്ചിനകത്ത് വല്ലാത്തൊരു വിങ്ങൽ. അപ്പു പിള്ളയെന്ന മിസ്റ്ററി മനുഷ്യനെ അടുത്തറിഞ്ഞിട്ടാണ്. ഒറ്റ നോട്ടത്തിൽ അകൽച്ച തോന്നുന്നൊരു കഥാപാത്രം. മുന്നോട്ട് പോകും തോറും ഏറെ അരികത്തായി വരുന്നൊരു കഥാപാത്രം. നിലവിൽ, ഈ കഥാപാത്രത്തെ വിജയരാഘവനേക്കാൾ മനോഹരമായി മറ്റാർക്കെങ്കിലും പോർട്രൈ ചെയ്യാനാവുമെന്നെനിക്ക് തോന്നുന്നില്ല.ഒരിക്കൽ വിജയരാഘവൻ ഒരഭിമുഖത്തിനിടയിൽ പറഞ്ഞു ; സിനിമയുമായി ബന്ധപ്പെട്ട് ഒരു സങ്കടമേയുള്ളൂ, ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ല. പക്ഷേ എന്‍റെ അഭിപ്രായത്തിൽ ഭരതൻ, കെ.ജി. ജോർജ്, പത്മരാജൻ എന്നിവരുടെ സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും അപ്പു പിള്ളയെന്ന ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകർക്കിദ്ദേഹത്തെ എക്കാലത്തും ചേർത്തു പിടിക്കാൻ. ഒരു നല്ല നടനെന്ന നിലയിൽ' - അനു ചന്ദ്ര കുറിച്ചു.
സെപ്റ്റംബർ 12നാണ് കിഷ്‍കിന്ധാ കാണ്ഡം തിയേറ്ററുകളിലെത്തിയത്. നാല് ദിവസത്തെ കളക്ഷനായി 4.45 കോടിയാണ് ചിത്രം നേടിയതെന്ന് പ്രമുഖ എന്‍റർടെയ്ൻമെന്‍റ് സൈറ്റായ സാക്നിൽകിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഒന്നാം ദിവസം നാല്പത്തി അഞ്ച് ലക്ഷവും, രൂരണ്ടാം ദിനം അറുപത്തി അഞ്ച് ലക്ഷവും, മൂന്നാം ദിനം 1.35 കോടിയും, നാലാം ദിനമായ ഇന്നലെ രണ്ട് കോടി അടുപ്പിച്ചും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കിഷ്‍കിന്ധാ കാണ്ഡത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.