ഇനിയും കാത്തിരിക്കേണ്ട..; 'ധ്രുവനച്ചത്തിരം' മെയിൽ എത്തും
2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു
ചെന്നൈ: ചിയാൻ വിക്രമിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. 2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ചിത്രം ഒരുവേള ഡ്രോപ്പ് ചെയ്‌തെന്ന് വരെ വാർത്ത പരന്നു. ഇപ്പോൾ പ്രതിബന്ധങ്ങളെല്ലാം കടന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം മെയ് 19 ന് ചിത്രം തിയറ്ററിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ലിയോ' എന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗിന്‍റെ തിരക്കിലാകുന്നതിന് മുമ്പ് 'ധ്രുവനച്ചത്തിര'ത്തിന്റെ ജോലികൾ പൂർത്തിയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നു.
ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോർ ജോലികൾ ഹാരിസ് ജയരാജ് ആരംഭിച്ചതായി അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. സ്‌പൈ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ സീക്രട്ട് ഏജന്റായാണ് വിക്രം എത്തുന്നതെന്നാണ് വാർത്തകൾ. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനാണ് വിതരണം.
മലയാളിയായ ജോമോൻ ടി.ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാ രഞ്ജിത്തിൻറെ 'തങ്കാലൻ' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം താരത്തിൻറെതായി മൂന്നു വമ്പൻ ചിത്രങ്ങൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.