സ്‌ക്വിഡ് ഗെയിം സീസൺ 2 ചോർത്തിയവരെ തിരഞ്ഞ് നെറ്റ്ഫ്‌ലിക്‌സ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡിനൊപ്പം ചേർന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ തിരച്ചിൽ
സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റഫ്ലിക്സ് ഈ വർഷം തുടക്കത്തിൽ തങ്ങളുടെ ചരിത്രത്തിലേറ്റവും വലിയ ലീക്കുകളിലൊന്നിനെയാണ് അഭിമുഖീകരിച്ചത്. റിലീസിനും വളരെ മുന്നെ തങ്ങളുടെ ഏറ്റവും പ്രചാരമുള്ള ഷോകളായ ആർക്കേൻ, സ്‌ക്വിഡ് ഗെയിം, റാൻമ 1/2, ടെർമിനേറ്റർ സീറോ എന്നിവയുടെ മുഴുനീള എപ്പിസോഡുകളും സ്റ്റില്ലുകളും പുറത്തായതാണ് സ്ട്രീമിങ് ഭീമനെ വലച്ചത്. ലീക്കിന് പിന്നിലുള്ളവരെ കണ്ടെത്താനായി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സംഭവത്തിൽ നെറ്റഫ്ലിക്സ് പ്രതികരിച്ചത്.
മാസങ്ങൾക്ക് ശേഷം അന്വേഷണത്തിൽ പുരോഗതിയുണ്ടാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സമൂഹമാധ്യമമായ ഡിസ്‌കോർഡിന്റെ സഹായത്തോടെ ലീക്കിന് പിന്നിലുള്ളവരെ കണ്ടെത്താനാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ശ്രമമെന്നാണ് പുതിയ റിപ്പോർട്ട്.
ഡിസ്‌കോർഡിനോട് നെറ്റ്ഫ്‌ലിക്‌സിലെ അതീവരഹസ്യമായ വിവരങ്ങളെ ചോർത്തിയയാളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ വടക്കൻ കാലിഫോർണിയയിലെ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരം സ്‌ക്വിഡ് ഗെയിം രണ്ടാം സീസണിലെ റിലീസാവാത്ത ചിത്രങ്ങൾ പങ്കുവെച്ച @jacejohns4n എന്ന ഡിസ്‌കോർഡ് ഉപഭോക്താവിന്റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.
ആഗസ്റ്റിലാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലേറ്റവും വലിയ ചോർച്ച സ്ട്രീമിങ് ഭീമൻ നേരിട്ടത്. നെറ്റ്ഫ്‌ലിക്‌സിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്ന ല്യൂനോ എന്ന സ്റ്റുഡിയോയിൽ നിന്നാണ് വിവരങ്ങൾ ചോർന്നതായി കരുതുന്നത്.'ഞങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ പങ്കാളിലൊരാൾ വിട്ടുവീഴ്ച ചെയ്യുകയും ഞങ്ങളുടെ നിരവധി ടൈറ്റിലുകളിൽ നിന്നുള്ള ദൃശ്യങ്ങൾ നിർഭാഗ്യവശാൽ ഓൺലൈനിൽ ചോരുകയുമുണ്ടായി. ഞങ്ങളുടെ ടീം അത് നീക്കം ചെയ്യുന്നതിനായി ശക്തമായി നടപടിയെടുക്കുന്നു' എന്നായിരുന്നു ലീക്കിന് പിന്നാലെ ഒരു നെറ്റ്ഫ്‌ലിക്‌സ് പ്രതിനിധിയുടെ പ്രതികരണം.
ഈയടുത്തുണ്ടായ ഗുരുതരമായ സുരക്ഷാപ്രശ്‌നത്തെക്കുറിച്ച് ല്യൂണോക്ക് ബോധ്യമുണ്ടെന്നും തങ്ങളുടെ ഉപഭോക്താക്കളുടെ ഉൽപന്നങ്ങൾക്ക് സുരക്ഷയൊരുക്കുന്നത് തങ്ങളുടെ ഏറ്റവും പ്രധാനമായ കടമയാണെന്നും, സുരക്ഷാ ചോർച്ചയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ല്യൂണോ പ്രതികരിച്ചു.നെറ്റ്ഫ്‌ലിക്‌സിനെ പുറമെ ആമസോൺ സ്റ്റുഡിയോസ്, ബിബിസി, ഡിസ്‌നി, എച്ച്ബിഒ, ഡ്രീംവർക്ക്‌സ് എന്നിവരും ല്യൂണോയുടെ ഉപഭോക്താക്കളാണ്.
ലീക്ക് നെറ്റ്ഫ്‌ലിക്‌സിന്റെയും ല്യൂണോയുടെയും അഭിമാനപ്രശ്‌നത്തിനുപരി ധാരാളം ആരാധകരുള്ള ഷോകളുടെ സ്‌പോയിലറുകളും റിലീസ് ആയെന്നതും ഗുരുതരമായ പ്രശ്‌നമാണ്. ഇത് കൂടാതെ ചില ഷോകൾ നെറ്റ്ഫ്‌ലിക്‌സ് കൂടാതെ മറ്റ് പ്ലാറ്റ്‌ഫോമുകൾക്കും പകർപ്പാവകാശമുണ്ട്. ലീക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളെ നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കാം. ഡൻഡഡാൻ എന്ന അനിമെയ്ക്ക് ക്രഞ്ചീറോൾ എന്ന അനിമെ പ്ലാറ്റ്‌ഫോമിനും സ്ട്രീമിങ് അവകാശമുണ്ട്. ആരാധകർ ഏറെ കാത്തിരിക്കുന്ന സ്‌ക്വിഡ് ഗെയിം സീസൺ രണ്ട് ഡിസംബറിലാണ് റിലീസാവുന്നത്. സ്‌ക്വിഡ് ഗെയിമിന്റെ ഒന്നാം സീസണായിരുന്നു നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും വരുമാനം വാരിയ ഷോകളിലൊന്ന്. ലീക്കുകൾ നെറ്റഫ്‌ലിക്‌സിന് വൻ സാമ്പത്തികനഷ്ടമുണ്ടാക്കിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.