9 ദിവസങ്ങള്‍, 6.5 മില്യണ്‍ കാഴ്ചക്കാര്‍; യുട്യൂബില്‍ ഹിറ്റായി ഒടിയന്‍റെ ഹിന്ദി
ഇപ്പോൾ ഒടിയൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയന്‍. വലിയ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച കൊണ്ടു തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചും മോഹന്‍ലാലിന്‍റെ ഗെറ്റപ്പിനെക്കുറിച്ചും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒടിയന്‍ ബോക്സോഫീസിനെ ഇളകിമറിച്ചിരുന്നു.
ഇപ്പോൾ ഒടിയൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ഏപ്രിൽ 23 നാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്തത്. പെൻ മൂവീസാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. വമ്പൻ പ്രതികരണമാണ് ചിത്രത്തിന് യൂട്യൂബിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. വെറും 9 ദിവസം കൊണ്ട് 6.5 മില്യണ്‍ പേരാണ് ഒടിയന്‍റെ ഹിന്ദി കണ്ടിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമന്‍റുകളാണ് അധികവും.
മലയാളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഈ അടുത്ത സമയം വരെ ഒടിയന്റെ പേരിലായിരുന്നു. കേജിഎഫ് 2 ആണ് ഈ റെക്കോർഡ് ഭേദിച്ചത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന്‍ മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഒടിയന്‍റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. വി.എ ശ്രീകുമാര്‍ മേനോനായിരുന്നു സംവിധാനം. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്‍റ്, മനോജ് ജോഷി എന്നിവരായിരുന്നു മറ്റു താരങ്ങള്‍.