ആഗോള കളക്ഷനിൽ 1750 കോടിയോടടുത്ത് പുഷ്‌പ 2; മുന്നിലുള്ളത് ദംഗൽ മാത്രം
റിലീസിന്റെ 47-ാം ദിവസമായ തിങ്കളാഴ്ച വരെ ചിത്രത്തിന്റെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ 1,735.40 കോടി രൂപയാണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്


താഴത്തില്ലെടാ... എന്നല്ല തീരത്തില്ലെടാ.. എന്നുപറഞ്ഞുകൊണ്ടാണ് പുഷ്പ 2 റീലോഡഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തിച്ചത്. എന്നാൽ, വാനോളമുള്ള പ്രതീക്ഷകളെ അത്രത്തോളം തൃപ്‌തിപ്പെടുത്തുന്ന റിപ്പോർട്ടുകളല്ല തിയേറ്ററുകളിൽ നിന്ന് പുറത്ത് വരുന്നത്. ജനുവരി 17നായിരുന്നു പുഷ്പ 2 റീലോഡഡിന്റെ റിലീസ്. 20 മിനിറ്റ് അധിക ഫൂട്ടേജുമായാണ് ചിത്രം റീലോഡഡ് പതിപ്പായി എത്തിയത്.
വൻ ഹൈപ്പ് പ്രതീക്ഷിച്ചെങ്കിലും വാരാന്ത്യ കളക്ഷനിൽ 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്‌ചയോടെ 65 ലക്ഷം രൂപ മാത്രം നേടാനേ റീലോഡഡ് പതിപ്പിനായുള്ളൂ. ചിത്രം ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും കുറഞ്ഞ കളക്ഷനാണിത്. ഒരു മാസത്തിലധികം ബോക്സ് ഓഫീസിൽ തുടർന്നിട്ടും ഒരിക്കലും ഒരു കോടി രൂപയ്ക്ക് കളക്ഷൻ താഴെ പോയിട്ടില്ല. ചൊവ്വാഴ്ചയും ഈ ഇടിവ് തുടർന്നു. ഈ ദിവസം ചിത്രം 50 ലക്ഷം രൂപ നേടിയെന്ന് സാക്‌നിൽക് റിപ്പോർട്ട് പറയുന്നു. ഇതോടെ ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ 1,229.40 കോടി രൂപയിലെത്തി. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്, തൊട്ടുപിന്നാലെ തെലുങ്ക് പതിപ്പും.
20 മിനിറ്റ് കൂടി ഉൾപ്പെടുത്തിയതോടെ ചിത്രത്തിന്റെ റൺടൈം 220 മിനിറ്റായി വർധിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്ന് കൂടിയായി മാറിയിരിക്കുകയാണ് പുഷ്‌പ 2. ആഗോളതലത്തിൽ, റിലീസിന്റെ 47-ാം ദിവസമായ തിങ്കളാഴ്ച വരെ ചിത്രത്തിന്റെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ 1,735.40 കോടി രൂപയാണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ജനുവരി 6ന് മൈത്രി മൂവി മേക്കേഴ്‌സിന്റെ ഒരു പോസ്റ്റ് പ്രകാരം പുഷ്‌പ 2ന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ 1,831 കോടി രൂപയിലെത്തിയതായാണ് സൂചിപ്പിക്കുന്നത്.
റീലോഡഡ് പതിപ്പ് കുറച്ച് നേരത്തെ ഇറക്കിയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ കളക്ഷൻ നേടാനാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. അവസാന ഘട്ടത്തിൽ കളക്ഷനിൽ കുറവ് വന്നെങ്കിലും ബോക്സോഫീസിൽ സ്ഥിരത നിലനിർത്തുന്ന കാര്യത്തിൽ പുഷ്‌പ 2 വിജയിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.
ഇങ്ങനെ കളക്ഷൻ സംബന്ധിച്ച് കൂടിയും കുറഞ്ഞും റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ കണക്കുകൂട്ടലുകൾ തെറ്റിയോ എന്ന ചോദ്യം ഉയർത്തിക്കൊണ്ട് പുഷ്‌പ 2 നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്‌ഡ് നടത്തിയതും വാർത്തയായിരുന്നു. സംവിധായകൻ സുകുമാറിന്റെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടത്തി. എന്നാൽ, ഈ പരിശോധനയും കളക്ഷനുമായി എന്തെങ്കിലും ബന്ധമുണ്ടോ.. എന്തിനാണ് പരിശോധന നടത്തിയത് എന്നിങ്ങനെയുള്ള കാര്യങ്ങളിലൊന്നും വ്യക്തതയില്ല. എങ്കിലും കമ്പനികൾ ബജറ്റും ബോക്‌സ് ഓഫീസ് കണക്കുകളും പൊതുജനങ്ങൾക്ക് പങ്കിട്ടതാണ് അന്വേഷണത്തിന് കാരണമായതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
500 കോടി ബജറ്റിൽ നിർമിച്ച ചിത്രം ബാഹുബലി 2: ദി കൺക്ലൂഷൻ, ആർആർആർ, കെജിഎഫ്: ചാപ്റ്റർ 2, ജവാൻ തുടങ്ങിയ വമ്പൻമാരെ മറികടന്ന് എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ആമിർ ഖാന്റെ ദംഗലിനെ മറികടക്കാൻ ഇതുവരെയായിട്ടില്ല... ലോകമെമ്പാടുമുള്ള 2,080 കോടി രൂപയുടെ വമ്പൻ കളക്ഷൻ നേടി ദംഗൽ ഉറപ്പിച്ച റെക്കോർഡിന് ഒരിളക്കവും ഇതുവരെ സംഭവിച്ചിട്ടില്ല. ഡാക്കു മഹാരാജ്, ഗെയിം ചേഞ്ചർ, എമർജൻസി തുടങ്ങിയ റിലീസുകളും പുഷ്‌പ 2വിന് ഭീഷണിയായില്ല. ഇതിൽ ഡാക്കു മഹാരാജ് ഒഴികെ മറ്റ് ചിത്രങ്ങളൊന്നും മികച്ച ഒരു പ്രകടനം കാഴ്‌ച വെക്കുന്നതായിരുന്നില്ല.
2021-ല്‍ റിലീസ് ചെയ്‌ത പുഷ്‌പ ദി റൈസ് ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 390 കോടിയോളമാണ്. . അല്ലു അര്‍ജുന്‍ തന്റെ താരപദവി അരക്കിട്ട് ഉറപ്പിക്കുക മാത്രമല്ല ദേശീയ പുരസ്‌കാരം നേടുകയും ചെയ്‌തു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ തെലുഗ് നടന്‍ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പുഷ്‌പ ദി റൈസിന്റെ പാന്‍ ഇന്ത്യന്‍ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുകുമാര്‍ രണ്ടാംഭാഗം ഒരുക്കിയത്.
വൈൽഡ് ഫയർ’ ആയി മാറിയ പുഷ്‌പ രാജിന്റെ തേർവാഴ്‌ചയായിരുന്നു ‘പുഷ്പ 2 ദ് റൂൾ’. അല്ലു അർജുൻ–ഫഹദ് ഫാസിൽ പോരിനൊപ്പം പുഷ്പരാജിന്റെ മാസ് നിമിഷങ്ങളും ചേർന്ന ഒരു മാസ് മസാല എന്റർടൈനർ. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയുടെ കഥാപാത്രത്തിന് ആദ്യഭാഗത്തേക്കാള്‍ പ്രസക്തിയുണ്ട് രണ്ടാം ഭാഗത്തില്‍. അതിലേറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ ഒരു കഥാപാത്രം കൂടിയായിരുന്നു. ആദ്യഭാഗത്തില്‍ ഗാനരംഗത്തില്‍ അതിഥിവേഷത്തില്‍ സമാന്തയാണ് എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശ്രീലീലയാണ് താരം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. പോളിഷ് ഛായാഗ്രഹകനായ മിറോസ്ലാ കുബേ ബ്രോസേക് ഛായാഗ്രഹണം അതിഗംഭീരമായി തന്നെ നിർവഹിച്ചിട്ടുണ്ട്.
ചിത്രം അധികം വൈകാതെ തന്നെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രീമിംഗ് അവകാശങ്ങൾ ഗണ്യമായ വിലയ്ക്ക് വിറ്റുപോയതായി ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഔദ്യോഗിക OTT റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിയേറ്റർ റിലീസ് ചെയ്ത് 56 ദിവസങ്ങൾക്ക് ശേഷം ചിത്രം സ്ട്രീമിംഗിന് ലഭ്യമാകുമെന്ന് നിർമ്മാതാക്കൾ നേരത്തെ സൂചിപ്പിച്ചിരുന്നു.