ഡിസംബര്‍ 17ന് 'പുഷ്പ' കേരളത്തിലുമെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്
250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്
അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്പ' ഡിസംബര്‍ 17നു തന്നെ കേരളത്തിലെത്തും. രണ്ടുഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തിലും ഡിസംബർ 17നു തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കുമെന്ന് ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ യുവ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.
കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. സുകുമാര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസാണ്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.