രാജ് കുന്ദ്രയുടെ കളി ഡാർക് വെബിലും; ഒളി ലോക്കറിൽ ക്രിപ്‌റ്റോ കറൻസി രേഖകൾ

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളാണ് ഡാർക് വെബിലെ നാണയങ്ങൾ

Update: 2021-07-25 10:55 GMT
Editor : abs | By : Web Desk
Advertising

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് കുരുക്കായി കൂടുതൽ തെളിവുകൾ. അന്ധേരിയിലെ വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ നടത്തിയ റെയ്ഡിൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. രണ്ട് ചുമരുകൾക്കുള്ളിലെ ഒളി ലോക്കറിലായിരുന്നു രേഖകൾ. വിയാൻ ഇൻഡസ്ട്രീസ്, ആംസ്‌പ്രൈം, ഹോട്‌സ്‌ഷോട്ട് ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട മറ്റു സാമ്പത്തിക ഇടപാട് രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്.

'ഫയലുകൾ ഫോറൻസിക് ഓഡിറ്റിങ് സംഘം പരിശോധിക്കുകയാണ്. കുന്ദ്രയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത എട്ട് സർവറുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ പൊലീസ് നടത്തിയ റെയ്ഡിനു ശേഷം ഡിലീറ്റ് ചെയ്തതാണിവ. കെൻറിലെ സ്ഥാപനത്തിലേക്ക് (ബന്ധു പ്രദീപ് ബക്ഷിയുടെ ബ്രിട്ടീഷ് കമ്പനി) വീഡിയോകൾ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്' - അന്വേഷണ സംഘത്തിലൊരാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രേഖകൾക്ക് പുറമേ, കുന്ദ്രയുടെ ലാപ്‌ടോപ്പ്, സ്റ്റോറേജ് ഏരിയ നെറ്റ്‌വർക്ക് എന്നിവയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ സ്‌പോട്‌സ് ബെറ്റിങ് കമ്പനി മെർക്കുറി ഇന്റർനാഷണിലേക്ക് കുന്ദ്രയുടെ സ്ഥാപനം പണം കൈമാറിയ സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന. ജൂലൈ 23നാണ് മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയുടെയും ഭാര്യ ശിൽപ്പ ഷെട്ടിയുടെയും ജൂഹുവിലെ ബംഗ്ലാവിൽ റെയ്ഡ് നടത്തിയത്. 


ക്രിപ്‌റ്റോകറൻസി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ അശ്ലീല ദൃശ്യങ്ങൾ ഡാർക് വെബ് വഴി കൈമാറിയോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളാണ് ഡാർക് വെബിലെ നാണയങ്ങൾ.

വേൾഡ് വൈഡ് വെബിന്റെ ഇരുണ്ട മേഖലയാണ് ഡാർക് വെബ്. ചില പ്രത്യേക സോഫ്റ്റ് വെയർ വഴി മാത്രമേ ഇന്റർനെറ്റിലെ ഈ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടർ നെറ്റ്വർക്ക് വഴി ഡാർക് വെബിൽ ആശയവിനിമയം സാധ്യമാണ്. ആയുധവ്യാപാരം, ലഹരിക്കടത്ത്, കള്ളനോട്ട്, അവയവദാനം, അശ്ലീലം, ഭീകരത തുടങ്ങി മാഫിയയുടെ വൻലോകം തന്നെ ഡാർക് വെബിന് അകത്ത് പ്രവർത്തിക്കുന്നുണ്ട്.

119 വീഡിയോ, കച്ചവടം ഒമ്പതു കോടിക്ക്

119 ഇറോട്ടിക് വീഡിയോകൾ 1.2 ദശലക്ഷം യുഎസ് ഡോളറിന് (ഏകദേശം ഒമ്പതു കോടി രൂപ) രാജ് കുന്ദ്ര വിൽക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇത്രയും വീഡിയോകൾ വിദേശത്തുള്ള 'ഒരു വ്യക്തി'ക്ക് വിൽക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ഡീൽ നടക്കുന്നതിന് തൊട്ടുമുമ്പാണ് മുംബൈ ക്രൈംബ്രാഞ്ച് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

കുന്ദ്രയുടെ ഓഫീസിലെ റെയ്ഡിനിടെ 51 അശ്ലീല വീഡിയോകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽക്കൂടുതൽ വീഡിയോകൾ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. 2019 ഓഗസ്റ്റിനും 2020 നവംബറിനുമിടയിൽ പ്രതിമാസം 4000-10000 ബ്രിട്ടീഷ് പൗണ്ട് കുന്ദ്രയുടെ ആപ്പിന് വരുമാനമുണ്ടായിരുന്നതായി ഒരു ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്.

നീലച്ചിത്രം നിർമിച്ചിട്ടില്ല, ഭർത്താവ് നിരപരാധി: ശിൽപ്പ ഷെട്ടി

നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രയെ ന്യായീകരിച്ച് നടി ശിൽപ്പ ഷെട്ടി രംഗത്തെത്തി. രാജ് നിരപരാധിയാണ് എന്നും ലൈംഗിക ചോദന ഉയർത്തുന്ന വീഡിയോകളാണ് നിർമിച്ചത് എന്നും അവർ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയിൽ ആറു മണിക്കൂർ നേരമാണ് ശിൽപ്പയെ ചോദ്യം ചെയ്തത്. 


നീലച്ചിത്ര നിർമാണത്തിൽ നടിക്ക് പങ്കുണ്ടോ എന്നാണ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് എന്തു കൊണ്ടാണ് ശിൽപ്പ രാജിവച്ചത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കമ്പനിയിലെ ഡയറക്ടറായിരുന്നു ഇവർ. കുന്ദ്രയുടെ ഹോട് ഷോട്ട്സ് ആപ്പുമായി ബന്ധമില്ലെന്നാണ് ശിൽപ്പ മൊഴി നൽകിയത്. ഇറോട്ടിക്കയും (ലൈംഗിക ചോദന ഉണർത്തുന്ന ദൃശ്യങ്ങൾ) പോണും തമ്മിൽ വ്യത്യാസമുണ്ട്. പോൺ (അശ്ലീലം) ഉള്ളടക്കങ്ങളല്ല ഭർത്താവ് ചിത്രീകരിച്ചത്- നടി പറഞ്ഞു.

'ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്തു'

ശിൽപ്പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിർമിക്കാൻ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായി നടി ഗെഹന വസിഷ്ഠ്. ബോളിഫെയിം എന്ന പുതിയ ആപ്പും രാജിന്റെ ആലോചനയിൽ ഉണ്ടായിരുന്നതായി നടി പറഞ്ഞു. നവ് ഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'രാജിന്റെ അറസ്റ്റിന് തൊട്ടുമുമ്പാണ് ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. ബോളിഫെയിം എന്ന പേരിൽ പുതിയ ആപ്പ് ലോഞ്ച് ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നതായി അറിഞ്ഞു. ചാറ്റ് ഷോകൾ, റിയാലിറ്റി ഷോകൾ, ഫീച്ചർ ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ എന്നിവയാണ് ആപ്പിൽ പദ്ധതിയിട്ടിരുന്നത്. ഫീച്ചർ ഫിലിമുകളിൽ ബോൾഡ് സീനുകൾ പ്ലാൻ ചെയ്തിരുന്നില്ല' - നീലച്ചിത്ര നിർമാണക്കേസിൽ ജാമ്യത്തിൽ കഴിയുന്ന ഗെഹന പറഞ്ഞു.  


'ഞങ്ങൾ തിരക്കഥ ചർച്ച ചെയ്തിരുന്നു. ഒരു സ്‌ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന. സായ് തംഹൻകാർ അടക്കം മറ്റു രണ്ടു പേരെ കാസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നു' - അവർ കൂട്ടിച്ചേർത്തു.

കേസിൽ ഫെബ്രുവരി നാലിന് മലാഡിനടുത്തുള്ള മഡ് ഐലന്റിൽ നിന്നാണ് ഗെഹനയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. സ്വന്തം വെബ്‌സൈറ്റിലെ അശ്ലീല വീഡിയോക്ക് നടി സബ്‌സ്‌ക്രിപ്ഷനും ഈടാക്കിയിരുന്നു. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു ഉമേഷ്. യുകെ ആസ്ഥാനമായ കെന്റിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഇയാൾ. അഭിനയ മോഹമുള്ള മോഡലിങ് താരങ്ങളെയാണ് സംഘം വലവീശിപ്പിടിച്ചിരുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News