'മകൻ സിനിമയിലുണ്ട്,നെയ് കഴിച്ചു നെയ്യുണ്ട പോലെ ജനിച്ച മമ്മൂക്ക'; വൈറലായി മമ്മൂട്ടിയുടെ ഉമ്മയെക്കുറിച്ചുള്ള കുറിപ്പ്

വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകൾ ഉമ്മയുടെ ഇടറിയ ശബ്ദത്തിൽ കേട്ടിരിക്കുന്ന രസം പറക വയ്യ

Update: 2023-04-21 11:04 GMT
Editor : Jaisy Thomas | By : Web Desk
Mammoottys mother

രമ്യ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍

AddThis Website Tools
Advertising

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിട പറയുമ്പോള്‍ ആറു വര്‍ഷം മുന്‍പ് രമ്യ.എസ് ആനന്ദ് എന്ന യുവതി പങ്കുവച്ച കുറിപ്പാണ് വീണ്ടും ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ അമ്മയാണെന്നറിയാതെ ഫാത്തിമയുമായി അടുത്തതും പിന്നീട് പിരിയാനാകാത്ത ആത്മബന്ധത്തിലായതിനെക്കുറിച്ചുമായിരുന്നു രമ്യ 2017ല്‍ എഴുതിയ കുറിപ്പില്‍ പങ്കുവച്ചത്.



രമ്യയുടെ കുറിപ്പ്

ഇതൊരു മനോഹരമായ സ്നേഹബന്ധത്തിന്‍റെ കഥയാണ്. ചില വ്യക്തികൾ നമ്മുടെ വാക്കിലും പ്രവൃത്തിയിലും എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നു മനസ്സിലാക്കിത്തരുന്നു ചില സന്ദർഭങ്ങൾ....... ആരെയും ഉപാധികളില്ലാതെ സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഭാഗ്യം ലഭിച്ചതിനു ദൈവത്തോട് നന്ദിപറയുന്നു... അത് ജീവിതത്തിന്‍റെ ഒരു ട്രാൻസിഷൻ കാലഘട്ടമായിരുന്നു. ഏറെ പ്രിയങ്കരമായ അധ്യാപക ജോലിയിൽ നിന്നും ഒട്ടും പ്രിയമല്ലാതിരുന്ന സർക്കാർ ജോലിയിലേക്കും തടാകത്തിലേക്ക് തുറക്കുന്ന ബാൽക്കണികളുണ്ടായിരുന്ന പ്രിയ അപാർട്മെന്‍റ് വിട്ടു പുതിയതിലേക്കു മനസ്സില്ലാമനസ്സോടെ ചേക്കേറാനും തീരുമാനിച്ച കാലം .

പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ പണികൾ പുരോഗമിക്കുന്നു .രാവിലെ പോയി വൈകുന്നേരം വരെ പണികൾ ചെയ്യിച്ചു ഞാൻ തിരികെ വരും .. പുതുസു ഫ്ലാറ്റിന്റെ  തൊട്ടപ്പുറമുള്ള ഡോർ എപ്പോഴും അടഞ്ഞു തന്നെ കിടക്കും .അങ്ങനെയിരിക്കെ ഒരു ദിവസം അവിടെനിന്നും ഒരാൾ തല നീട്ടി . നല്ല ചുന്ദരി ഒരു ഉമ്മ !!!" ഉമ്മയെക്കണ്ടപ്പോഴേ എനിക്ക് ബോധിച്ചു . എന്റെ അച്ഛമ്മയുടെ ഒരു വിദൂര ഛായ.എന്നാൽ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താൻ പോരിമയോ ഒട്ടില്ല താനും . മിണ്ടിയും പറഞ്ഞും ഞങ്ങൾ പെട്ടെന്ന് കൂട്ടായി . പിന്നെ പണിക്കാർക്ക് പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫർണിച്ചർ കളക്ട് ചെയ്യാനും ഒക്കെ ഉമ്മ എന്നെ സഹായിച്ചും തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത് .എവിടെയാ വീട് എന്ന് ചോദിച്ചപ്പോ "ചെമ്പ് "എന്ന് കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു 'വൈക്കം' എന്നോ 'ചെമ്പ് 'എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ . ഉമ്മ ഉദാസീനമായി പിന്നെയും തുടർന്നു . "മകൻ സിനിമയിലുണ്ട് ".ഞാൻ ചെറുതായി ഒന്നൂടെ ഞെട്ടി .പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.)പിന്നീട് ഫ്ലാറ്റിന്റെ പാലുകാച്ചലും ചടങ്ങുകളും ഒക്കെക്കഴിഞ്ഞു താമസം തുടങ്ങിയതോടെ ഉമ്മ എന്റെ ജീവന്റെ ഭാഗമായി.

ഉമ്മ ഒരു നല്ല പാക്കേജ് ആയിരുന്നു. നല്ല നർമ്മ ബോധം ,ഉഗ്രൻ ഫാഷൻ സെൻസ് , കറ തീർന്ന മനുഷ്യസ്നേഹി .. ആ പ്രായത്തിലുള്ള അമ്മമ്മമാരുടെ സ്ഥിരം കുനുഷ്ടുകൾ തീരെയില്ല . കൃഷിയുടെ ഏതു സംശയത്തിനും മറുപടിയുണ്ട് . ഞങ്ങളിരുവരും ഫ്ലാറ്റിന്റെ ഇടനാഴിയിൽ അല്ലറ ചില്ലറ കൃഷികളൊക്കെത്തുടങ്ങി .അപാർട്മെന്റ് അസോസിയേഷൻ യെല്ലോ കാർഡ് കാണിക്കും വരെ ഞങ്ങളുടെ കൂട്ടുകൃഷി വിജയകരമായിത്തുടർന്നു . വിത്ത് സൂക്ഷിക്കുന്നതെങ്ങനെ, വളപ്രയോഗം ഇതിലൊക്കെ മറ്റുള്ളവരെ ഉപദേശിക്കാൻ തക്ക അറിവും ഞാൻ സമ്പാദിച്ചു . ഇതിനിടെ പി.എസ്.സിയുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി . എനിക്ക് ജന്മനാടായ പത്തനംതിട്ടയിലേക്കു പോകേണ്ടിവന്നു . എന്റെ പ്രിയകൂട്ടുകാരുടെ നിരന്തര ശ്രമവും ഉമ്മയുടെ കടുത്ത പ്രാർത്ഥനയും കൊണ്ടാവാം. എനിക്ക് തിരിച്ചു എറണാകുളത്തെത്താൻ കഴിഞ്ഞത് .ഞങ്ങൾ വീണ്ടും ആറാം നിലയിൽ സ്നേഹത്തിന്റെ പൂക്കളങ്ങൾ തീർത്തു ..ഓണത്തിന് അപാര രുചിയുള്ള ഒരു ഇഞ്ചിക്കറിയുണ്ടാക്കിത്തന്നു ഉമ്മയെന്നെ വിസ്മയിപ്പിച്ചു. ഉമ്മയുടെ അചഞ്ചലമായ ദൈവവിശ്വാസം നമ്മെ അമ്പരപ്പിക്കും .നോമ്പ് കാലം എത്ര കടുത്ത അനുഷ്ടാനങ്ങളിലൂടെയും ഉമ്മ കടന്നു പോകും .എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കും.

നോമ്പ് പിടിച്ചില്ലെങ്കിലും ഞങ്ങൾ മൂവരും ഉമ്മ കാരണം കൃത്യമായി നോമ്പ് തുറക്കാറുണ്ടായിരുന്നു . എന്റെയെല്ലാ പാചകപരീക്ഷണങ്ങളും ഉമ്മ ധൈര്യമായി പ്രോത്സാഹിപ്പിച്ചു .ഉമ്മയുടെ എല്ലാ ബന്ധുക്കളും എനിക്കും സ്വന്തമായി . അന്നുമിന്നും അങ്ങനെ തന്നെ . മമ്മുക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്കു ഉമ്മ പോകുന്ന ദിവസം ആറാം നിലയിലെ ഇടനാഴി നിശബ്ദമാകും . വെളുത്തതട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി.....ഉമ്മ തിരികെയെത്തുമ്പോൾ വീണ്ടും ദീപാവലി ..... പെരുന്നാളിനെത്തുന്ന ദുൽക്കറിനൊപ്പം ഫ്ളാറ്റിലെ കുട്ടിക്കൂട്ടം മത്സരിച്ചു സ്നാപ്പെടുത്തു.(അമ്മക്കിളികളും.... ) ചില വൈകുന്നേരങ്ങളിൽ , വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകൾ ഉമ്മയുടെ ഇടറിയ ശബ്ദത്തിൽ കേട്ടിരിക്കുന്ന രസം പറക വയ്യ. ഉമ്മയുടെ കുട്ടിക്കാലം.വിവാഹം .അഞ്ചു വർഷം കഴിഞ്ഞു ജനിച്ച മമ്മുക്ക.

(നെയ് കഴിച്ചു നെയ്യുണ്ട പോലെ ജനിച്ച മമ്മുക്ക ..)എല്ലാം എനിക്ക് കാണാപ്പാഠമായി ..മനോഹരമായ രണ്ടു വർഷങ്ങൾ പെട്ടന്ന് കടന്നുപോയി .അങ്ങനെയിരിക്കെ വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനം പോലെ ആരോഗ്യപരമായ കാരണങ്ങളാൽ ഉമ്മ ഫ്ലാറ്റ് വെക്കേറ്റ് ചെയ്തു പനമ്പള്ളി നഗറിലെ വീട്ടിലേക്കു തിരിച്ചുപോകുവാൻ തീരുമാനിച്ചു .ഉമ്മ പോകുന്ന ദിനം എനിക്കും മാച്ചുവിനും സങ്കടം കൊണ്ട് ഹൃദയം നിലക്കുമെന്നു തോന്നി .രാത്രി വൈകുവോളം ഞങ്ങളിരുവരും ഉമ്മയുടെ കൈ പിടിച്ചിരുന്നു തേങ്ങി. തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി എനിക്ക് മുന്നിൽ മരിച്ചു കിടന്നു .ഇനി ആരോടും അടുക്കില്ലെന്നു പതിവ് പോലെ ഞാനുള്ളിൽ പതം പറഞ്ഞു.... അങ്ങനെ ചില ബന്ധങ്ങൾ ദൈവം ചേർത്ത് വച്ചതുപോലെയായി ...

ഇന്നും ആ ഇടറിയ ശബ്ദം കേൾക്കാനായി ഫോണിൽ ഞാൻ വിളിച്ചു കൊണ്ടേയിരിക്കുന്നു .... രണ്ടു സൂപ്പർ സ്റ്റാറുകളും വീട്ടിൽ ഇല്ലയെന്നുറപ്പുവരുത്തി ഒറ്റ ഡ്രൈവിന് പനമ്പള്ളി നഗറിലെ വീട്ടിലെത്തി ഒരു ഗാഢാശ്ലേഷത്തിലമരുന്നു ... ഗേറ്റിങ്കൽ നിന്നു യാത്ര ചൊല്ലുന്ന വെള്ള കോട്ടൺ സാരിയും നീല ഞരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയും കാറ്റിൽ പറക്കുന്ന വെളുത്ത തട്ടവും ഒക്കെ ഓർത്തു കൊണ്ടു എന്റെയുള്ളിൽ ഒരു കുട്ടി ഉറക്കെയുറക്കെ കരയുന്നു ...

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News