അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍; യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ടകേസുമായി സാമന്ത
സുമന്‍ ടി.വി, തെലുങ്ക് പോപ്പുലര്‍ ടി.വി, തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ക്ക് പുറമെ വെങ്കട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
വിവാഹമോചനത്തിനു പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി നടി സാമന്ത. സുമന്‍ ടി.വി, തെലുങ്ക് പോപ്പുലര്‍ ടി.വി, മറ്റ് ചില യൂട്യൂബ് ചാനലുകള്‍ എന്നിവയ്‌ക്കെതിരെ സാമന്ത മാനനഷ്ട കേസ് ഫയല്‍ ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ വെങ്കട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അകിനേനി കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു സാമന്തയ്‌ക്കെതിരെ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണെന്നും എന്നാല്‍ സാമന്ത, അകിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടിയല്ലെന്നുമായിരുന്നു വീഡിയോയിലെ പരാമര്‍ശം.
അടുത്തിടെയാണ് സാമന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ സാമന്തക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. 'വിവാഹബന്ധം വേര്‍പിരിഞ്ഞത് തന്നെ വലിയ മാനസിക സമ്മര്‍ദവും വിഷമവും ഉണ്ടാക്കുന്ന കാര്യമാണ്. ആ മുറിവുണങ്ങാനുള്ള സമയം പോലും എനിക്ക് തരുന്നില്ല. അതിന് പുറമെ എന്നെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കില്ല'- എന്നായിരുന്നു വിമര്‍ശനങ്ങളോട് നടിയുടെ പ്രതികരണം. 2018 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഈ മാസമാദ്യമാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.