' പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്രാ തോമസ്

അസോസിയേഷന്‍റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്

Update: 2024-10-24 07:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു.

സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചു . ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു.നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു. ഭരണ സമിതി പിരിച്ചുവിട്ട് വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം . സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ 50 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്നും സാന്ദ്ര കത്തില്‍ ആവശ്യപ്പെട്ടു.

സാന്ദ്രാ തോമസിന്‍റെ കത്ത്

താങ്കൾ അയച്ച വിശദികരണ നോട്ടീസ് ലഭിച്ചു തികച്ചും പ്രതിഷേധാർഹവും ഒരു സംഘടന എന്ന നിലയിൽ തികച്ചും അപക്വമായ ഒരു വിശദീകരണ നോട്ടീസാണ് അത് ഒരു സംഘടന അയക്കുന്ന കത്തിൽ അവാസ്‌തവമായ കാര്യങ്ങൾ എഴുതി ചേർക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ് പ്രത്യേകിച്ച് ഒരു സ്ത്രീയോട് വിശദീകരണം ആവശ്യപ്പെടുമ്പോൾ വെളിപ്പെടുത്തലുകലാളും പൊലീസ് ക്രിമിനൽ കേസുകളാലും മലയാള സിനിമ ലോകം ഹേമ കമ്മിറ്റി റിപ്പോർട്ടാനന്തരം ചർച്ച ചെയ്യുന്ന ഈ വേളയിൽ 'ഞങ്ങൾ ഈ നാട്ടുകാരെ അല്ല എന്ന മട്ടിൽ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യഥാർഥത്തിൽ ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നത് തന്നെ സിനിമ മേഖലയിലെ ഒരു പ്രോഡ്യൂസർ ആയിട്ടു പോലും ഒരു വനിതാ എന്ന നിലയിൽ എന്‍റെ ഗതികേടാണ് അപ്പോൾ ഇത്ര കണ്ട് സ്ത്രീ സൗഹ്യദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ തന്നെ ഈ കത്തിലൂടെ സമര്‍ഥിക്കുകയാണ്.

അസോസിയേഷന്‍റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട് .അത് മാത്രമല്ല ഈ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് ഈ വിശദീകരണം ചോദിച്ചുള്ള കത്ത് ഒരു പ്രൊഡ്യൂസർ പണം മുടക്കി റിസ്‌ക് എടുത്തു നിർമിക്കുന്ന ചിത്രം വിതരണം ചെയേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്‌കര്‍ഷിക്കുകയാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലകൊള്ളുന്നത് ഫിയോക്കിന് വേണ്ടിയോ നിർമാതാവിന് വേണ്ടിയോ?

25/06/2024 ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഓഫീസിൽ വെച്ച് എനിക്കുണ്ടായ മ്ലേച്ഛമായ അനുഭവത്തെത്തുടർന്നു മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തിൽ നിന്ന് ഞാനിപ്പോഴും പൂർണമായി മോചിതയായിട്ടില്ല.തുടർന്ന് എനിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുകയും ഞാൻ വൈദ്യ സഹായം തേടുകയും ചെയ്തു എന്നുള്ളത് എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്‌സിൽ ചിലർക്കെങ്കിലും അറിവുള്ളതാണ് - പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ല എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്നു ചോദ്യങ്ങൾ അവശേഷിക്കുന്നു.

1. ഒരു സൗകര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാക്കളുടെ സംഘടനയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്ന അസോസിയേഷൻ ഒന്നര ലക്ഷം രൂപ മെമ്പർഷിപ് ഫീസ് നൽകി മെമ്പർഷിപ് ലഭിച്ച എനിക്ക് ഉണ്ടായ പ്രശ്ന‌ങ്ങൾ പരിഹരിക്കാതിരുന്നത് എന്തുകൊണ്ട് ? എന്നെ ചർച്ചക്ക് എന്ന് പറഞ്ഞു വിളിച്ചുവരുത്തി എന്‍റെ ബ്രായുടെ കളർ ചർച്ച ചെയ്‌ത പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവർക്കെതിരെ എന്താണ് നടപടി സ്വീകരിക്കാത്തത്?

2. എന്‍റെ പ്രശ്നം പരിഹരിക്കാനായി എന്‍റെ സംഘടനയായ നിർമാതാക്കളുടെ സംഘടനയെ സമീപിച്ച എന്നെ മറ്റൊരു സംഘടനയായ ഫിയോക്കിലേക്ക് സെക്രട്ടറി തന്നെ പറഞ്ഞു വിട്ടതെന്തിന് ?

3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഞാൻ അസോസിയേഷനിൽ സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നൽകിയ കത്തിലെ നിർദ്ദേശങ്ങൾ മോഷ്ടിച്ചെടുത്തു പത്രക്കുറിപ്പ് ഇറക്കിയതിന്‍റെ മാനദണ്ഡം എന്ത് ?പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡന്‍റും സെക്രട്ടറിയും രാജി വെച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News