'ഇവനൊക്കെ ഇത്രേയുള്ളൂ ചേച്ചി...' സ്‌തുതി പാടിക്കഴിഞ്ഞു, ഇനി ട്രോളുകളുടെ വരവാണ്...
ശ്രിന്ദ അഭിനയിച്ച ഒരൊറ്റ സീൻ കേന്ദ്രീകരിച്ചാണ് ക്രിയേറ്റിവ് ട്രോളുകൾ ഒരുങ്ങിയിരിക്കുന്നത്.
ഇതിലും നല്ല സ്ത്രീശാക്തീകരണം ഇനി കാണാൻ കിട്ടില്ല... സീരിയസ് മൂഡിൽ വന്ന ചിത്രത്തെ ഒറ്റ സീൻ കൊണ്ട് ചിരിപ്പിച്ചുകളഞ്ഞു, അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല ഒടിടിയിൽ എത്തിയതിന് പിന്നാലെ ട്രോളുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽമീഡിയ. ശ്രിന്ദ അഭിനയിച്ച ഒരൊറ്റ സീൻ കേന്ദ്രീകരിച്ചാണ് പല രീതിയിലുള്ള ക്രിയേറ്റിവ് ട്രോളുകൾ ഒരുങ്ങിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനെ കീഴടക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഉൾപ്പെടുന്ന ക്ലൈമാക്സ് സീക്വൻസ് ചിലർക്ക് അത്ര ദഹിച്ച മട്ടില്ല. സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ ശ്രിന്ദയുടെ ശക്തമായ ഈ രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളന്മാർ മറ്റൊരു കോമഡി തലത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. ശ്രിന്ദയുടെ കഥാപാത്രം കുഞ്ചാക്കോ ബോബനെ അടിച്ചിടുന്നതും 'ഇവനൊക്കെ ഇത്രേയുള്ളൂ ചേച്ചി' എന്ന ഒറ്റ ഡയലോഗുമാണ് ഇര.
അതുവരെ ത്രില്ലിംഗ് മൂഡിൽ പോയ സിനിമ പെട്ടെന്നൊരു കോമഡിയായി പോയെന്ന ഒരാളുടെ കമന്റിന് സപ്പോർട്ട് ചെയ്തെത്തിയത് നിരവധിയാളുകളാണ്. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ ഫഹദ് ഫാസിലിനെയും വെറുതെവിടുന്നില്ല... ഫഹദ് എന്താണ് ഈ സിനിമയിൽ ചെയ്യുന്നതെന്നാണ് പലരുടെയും സംശയം? തൊട്ടുമുൻപ് ഇറങ്ങിയ ആവേശം, വേട്ടയ്യാൻ തുടങ്ങിയ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബോഗയ്ന്‍വില്ലയിൽ വിമർശനങ്ങൾ ഉയരുന്നത്.
എന്നാൽ, ശ്രിന്ദയും ജ്യോതിർമയിയും വീണ നന്ദകുമാറും മികച്ച പ്രകടനങ്ങളാണ് സിനിമയിൽ ഉടനീളം കാഴ്ചവെച്ചതെന്ന അഭിപ്രായം ട്രോളുകൾക്ക് താഴെ വരുന്നുണ്ട്. മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ക്ലൈമാക്സ് ആയതിനാലാണ് പലർക്കും അത് സ്വീകാര്യമാകാതെ പോയതെന്നും വിമർശനങ്ങൾ ഉണ്ട്. ഫഹദ് ഫാസിൽ എത്തി ഒരു ഫൈറ്റ് സീൻ കഴിഞ്ഞ് മൂന്ന് സ്ത്രീകളെ രക്ഷിച്ച് ഹീറോ ആയെങ്കിൽ ഒരുപക്ഷേ നിർത്താതെ കയ്യടി കിട്ടേണ്ട സീനായിരുന്നു എന്ന അഭിപ്രായക്കാരും ഉണ്ട്.
ലാജോജോസിന്റെ പ്രശസ്തമായ ഹിറ്റ് നോവൽ 'റൂത്തിന്റെ ലോകം' അടിസ്ഥാനമാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബോഗയ്ന്‍വില്ല. ഹോളിവുഡ് ലെവൽ മേക്കിങ് കൊണ്ടും കിടിലൻ ഫ്രയിമുകളാലും സൈക്കോളജിക്കൽ ത്രില്ലർ ചിത്രം അമൽ നീരദിന്റെ മേക്കിങ് ശൈലി ഒരു പടി കൂടി മുന്നിൽ നിർത്തിയിരുന്നു. ലാജോ ജോസ് തിരക്കഥയൊരുക്കിയ ആദ്യസിനിമ കൂടിയാണിത്.
ബോഗയ്ന്‍വില്ലയിലൂടെ തിരിച്ചുവരവ് നടത്തിയ ജ്യോതിര്‍മയി പുതിയ ഭാവത്തിലും വേഷത്തിലും കയ്യടി നേടി. ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയും സുഷിന്റെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എടുത്തുയര്‍ത്തിയിരുന്നു. ഒക്‌ടോബർ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഡിസംബർ പതിമൂന്ന് മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.