തൃഷ-വിജയ് ഗോസിപ്പുകൾക്ക് പിന്നിൽ രാഷ്ട്രീയം? ട്രെൻഡായി ഹാഷ്ടാഗും !

സമൂഹമാധ്യമങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേർ ഉപയോഗിച്ച ഹാഷ്ടാഗാണ് 'ജസ്റ്റിസ് ഫോർ സംഗീത'

Update: 2024-12-15 13:59 GMT
Advertising

തെന്നിന്ത്യൻ താരങ്ങളായ തൃഷയും വിജയും പ്രണയത്തിലാണ്... പറയുന്നത് വേറാരുമല്ല, സോഷ്യൽമീഡിയ.

നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃഷയും വിജയ്യും ഒന്നിച്ച് പ്രൈവറ്റ് ജെറ്റിൽ ഗോവയിലെത്തിയതാണ് ഈ 'എക്സ്‌ക്ലൂസീവ് ന്യൂസി'ന്റെ അടിസ്ഥാനം. വിജയുടെ പ്രൈവറ്റ് ജെറ്റിലുണ്ടായിരുന്ന ആളുകളുടെ പേരുവിവരങ്ങൾ പുറത്തെത്തിയത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. തൃഷയും വിജയ്യും ഒന്നിച്ച് ജെറ്റിലുണ്ടായിരുന്നെന്ന് കണ്ടതോടെ, ജെറ്റിനേക്കാൾ വേഗത്തിൽ വാർത്ത പരന്നു. പിന്നീട് എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിക്കുകയും ചെയ്തു.

ഗില്ലിയിൽ തുടങ്ങി ലിയോയിലെത്തി നിൽക്കുന്ന തൃഷ-വിജയ് ജോഡിയിൽ വിവാദം കച്ചകെട്ടുന്ന കാര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ലിയോ റിലീസ് ആയപ്പോഴും വിജയുടെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് തൃഷ മിറർ സെൽഫി പങ്കുവച്ചപ്പോഴുമൊക്കെ ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും താനേ കെട്ടടങ്ങിയിരുന്നു. എന്നാൽ ജെറ്റ് യാത്ര അവ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിവാദങ്ങൾ എന്നതിനാൽ സൈബർ ആക്രമണം ഒരു രാഷ്ട്രീയ നീക്കമായാണ് പലരും വിലയിരുത്തുന്നത്. കുടുംബ ബന്ധങ്ങൾക്ക് തമിഴ് സിനിമാ ലോകവും രാഷ്ട്രീയരംഗവും നൽകുന്ന പ്രാധാന്യം ഈ ഗോസിപ്പുകളുടെ വില കൂട്ടുന്നുമുണ്ട്.

ജയലളിത-എംജിആർ ജോഡിയോട് വിജയ്‌യെയും തൃഷയെയും ഉപമിക്കുന്നവരും കുറവല്ല. എംജിആറിന്റെ പക്ഷം പിടിച്ച് ജയലളിത രാഷ്ട്രീയത്തിലേക്ക് വന്ന പോലെ തൃഷയും വരുമെന്നും ഇരുവരും രാഷ്ട്രീയത്തിലും ഒന്നിച്ച് തിളങ്ങുമെന്നുമൊക്കെ ഫാൻ ഫിക്ഷനുകൾക്കും പഞ്ഞമില്ല.

ഗായിക സുചിത്രയാണ് വിജയ്-തൃഷ ജോഡിയെ എംജിആർ-ജയലളിത ജോഡിയുമായി ഉപമിച്ച് ആദ്യമായി രംഗത്തെത്തിയത്. സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും പിരിഞ്ഞ ശേഷം ഡിഎംകെഎയും കരുണാനിധിയെയും നേരിടാൻ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയായിരുന്നു എംജിആർ. ഇതാണ് വിജയിയും പിന്തുടരുന്നത് എന്നായിരുന്നു സുചിത്രയുടെ ആരോപണം. വിജയിക്കാൻ ഇതല്ല വഴിയെന്നും എംജിആറിൽ നിന്ന് രാഷ്ട്രീയ തന്ത്രങ്ങൾ പഠിച്ച ജയലളിത അദ്ദേഹത്തെ തന്നെ സൈഡാക്കിയത് ഓർമ വേണമെന്നുമൊക്കെ അന്ന് സുചിത്ര ആഞ്ഞടിച്ചിരുന്നു.

ഈ താരതമ്യമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പാർട്ടിക്ക് പിന്തുണ ലഭിക്കാൻ വിജയിക്ക് ഇതിന്റെ ആവശ്യമില്ലെന്ന വിമർശനം കാര്യമായി തന്നെയുണ്ട്.

രാഷ്ട്രീയപരമായ വിമർശനങ്ങൾ കൂടാതെ വിജയുടെ വ്യക്തിജീവിതത്തെയും തൃഷയുമായുള്ള ഗോസിപ്പ് കണക്ട് ചെയ്യുന്നുണ്ട്. ഭാര്യ സംഗീതയുമായി വിജയ്ക്കുള്ള സോ കോൾഡ് അടുപ്പക്കുറവിലേക്കാണിത് വിരൽ ചൂണ്ടുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേർ ഉപയോഗിച്ച ഹാഷ്ടാഗാണ് ജസ്റ്റിസ് ഫോർ സംഗീത. സംഗീതയ്ക്ക് നീതി വാങ്ങി കൊടുക്കാനാണ് ട്വിറ്ററിലടക്കം കരുതൽ ആങ്ങളമാരുടെ മുറവിളി.

2023 മുതലാണ് വിജയ്-സംഗീത ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന വാർത്ത പ്രചരിച്ചത്. വിജയ് ചിത്രം വാരിസിന്റെ ഒരു ചടങ്ങിലും സംഗീത വരാതിരുന്നതോടെ ചർച്ചകൾക്ക് മൂർച്ച കൂടി. പിന്നീട് വിജയുടെ ഒരു പരിപാടിയിലും സംഗീതയെ കണ്ടില്ല. ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് വർഷത്തോളമാകുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപന വേദിയിലും സംഗീതയുടെ അസാന്നിധ്യം ചർച്ചയായിരുന്നു.

ഇതാണിപ്പോൾ തൃഷയുമായുളള ഗോസിപ്പുകളോട് ചേർത്തു വായിക്കപ്പെടുന്നത്. സംഗീതയെ വിജയ് ചതിക്കുകയാണെന്നാണ് സൈബർ ലോകത്തിന്റെ ആരോപണം. കുരുവിക്ക് മുതൽ ലിയോ വരെ തൃഷ-വിജയ് കോമ്പോയിൽ 15 വർഷത്തെ ഇടവേളയുണ്ടായത് സംഗീതയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള സമ്മർദം മൂലമാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News