വോട്ട് ചെയ്യാനെത്തിയ വിജയ്‌യെ വളഞ്ഞ് ജനക്കൂട്ടം; ഉദ്യോഗസ്ഥരോട് ക്ഷമ ചോദിച്ച് താരം- വൈറൽ വീഡിയോ

648 അർബൻ ലോക്കൽബോഡികളിലേക്കും 12,607 വാർഡുകളിലേക്കുമാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2022-02-19 10:24 GMT
Advertising

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സൂപ്പര്‍താരം വിജയ്‌യുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിജയ് പോളിങ് ബൂത്തിലെത്തിയതല്ല ഇത്തവണ ചര്‍ച്ച. ആരാധകരും മാധ്യമ പ്രതിനിധികളും തനിക്ക് ചുറ്റും കൂടി തിക്കും തിരക്കുമുണ്ടായതില്‍ ഉദ്യോഗസ്ഥരോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന താരത്തിന്‍റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ഇന്നു രാവിലെയാണ് താരം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. സുരക്ഷാജോലിക്കാരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുള്‍പ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടി. ഇതോടെ പോളിംഗ് ബൂത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇത് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് വിജയ് ക്ഷമ ചോദിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് വന്‍ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധമറിയിച്ചാണ് താരത്തിന്‍റെ പ്രവൃത്തിയെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ ഉടലെടുത്തത്. എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിന്‍റെ വിശദീകരണം. 


തമിഴ്നാട്ടിൽ 10 വർഷത്തിനുശേഷമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍ 'വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 


നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' ആണ് വിജയ്‌യുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. താരത്തിന്‍റെ സിനിമ ജീവിതത്തിലെ 65ാമത് ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ 'അറബിക് കുത്ത്' യൂട്യൂബ് ഇന്ത്യയില്‍ ട്രെന്‍ഡിംഗ് 2വില്‍ തുടരുകയാണ്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News