സ്ത്രീ വിരുദ്ധതക്ക് കത്രിക; ലിയോയിലെ വിവാദ സംഭാഷണം മ്യൂട്ട് ചെയ്ത് അണിയറ പ്രവർത്തകർ
സിനിമയിലെ വിവാദ രംഗത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും വിജയ് ഇതിൽ കുറ്റക്കാരനല്ലെന്നും സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു
ചെന്നൈ: വിജയ് നായകനായ പുതിയ ചിത്രം ലിയോയുടെ ട്രെയ്‍ലർ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉയർന്നിരുന്നു. ട്രെയിലറിലെ ഒരു സംഭാഷണമായിരുന്നു വിവാദത്തിന് വഴിവെച്ചത്. സംഭാഷണം സ്ത്രീവിരുദ്ധമാണെന്നും ഇത് സിനിമയിൽ നിന്നും ട്രെയ്‍ലറിൽ നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടന ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിയും നൽകിയിരുന്നു.
ഇതിന് പിന്നാലെ വിവാദമായ ആ രംഗം ട്രെയ്‍ലറിൽ മ്യുട്ട് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ബി.ജെ.പിയുടെയോ മറ്റ് സംഘടനകളുടെയോ പ്രതിഷേധമോ പരാതിയോ കാരണമല്ല ഈ രംഗം മ്യൂട്ട് ചെയ്തതെന്നും സിനിമയുടെ സെൻസറിങ്ങിന് ശേഷം സെൻസർ ബോർഡ് നൽകിയ നിർദേശപ്രകാരമാണ് വിവാദ സംഭാഷണം നീക്കിയതെന്നുമാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. ഒക്ടോബർ ഒൻപതിന് പുറത്തുവിട്ട സെൻസർ സർട്ടിഫിക്കറ്റിലാണ് ഈ നിർദേശമുള്ളത്.
അതേ സമയം സിനിമയിലെ ഈ രംഗത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്ക് ആണെന്നും വിജയ് ഇതിൽ കുറ്റക്കാരനല്ലെന്നും സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു. ഈ സംഭാഷണം ഉള്‍പ്പെടുത്തുന്നതിനെ വിജയ് എതിർത്തിരുന്നെന്നും എന്നാൽ കഥാസന്ദർഭത്തിന് അനിവാര്യമാണെന്ന് താൻ പറഞ്ഞതിനെ തുടർന്ന് താരം ഇത് അംഗീകരിക്കുകയായിരുന്നെന്നും ലോകേഷ് പറഞ്ഞു.